Skip to main content

സപ്ലൈകോ വിഷു - ഈസ്റ്റർ ഫെയറിന് തുടക്കം

സപ്ലൈകോ വിഷു -ഈസ്റ്റർ ഫെയറിന് തുടക്കമായി. ശവക്കോട്ട പാലത്തിന് സമീപമുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിൽ പി പി ചിത്തരഞ്ജൻ  എംഎൽഎ ഫെയർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അനുദിനമുള്ള വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണക്കാർക്ക് കൈത്താങ്ങാകാനാണ് സംസ്ഥാന സർക്കാർ സിവിൽ സപ്ലൈസ് വഴി ഫെയറുകൾ ഒരുക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

ഈ മാസം 19 വരെ നടക്കുന്ന ഫെയറിൽ വെളിച്ചെണ്ണ, പഞ്ചസാര, അരി, മുളക്, കടല, ഉഴുന്ന്, പരിപ്പ്, മല്ലി, തേയില തുടങ്ങിയ 13ഓളം ഭക്ഷ്യവിഭവങ്ങൾ സബ്സിഡിയോടെയും മറ്റ് ഭക്ഷ്യവിഭവങ്ങൾ പൊതുവിപണിയിൽ നിന്നും വ്യത്യസ്തമായി വിലക്കുറവിലും ലഭ്യമാകും. രാവിലെ 10 മണി മുതൽ രാത്രി എട്ട് മണി വരെയാണ് ഫെയറിന്റെ പ്രവർത്തന സമയം.

ചടങ്ങിൽ സപ്ലൈകോ ആലപ്പുഴ ഡിപ്പോ മാനേജർ എസ് രാകേഷ് അധ്യക്ഷനായി. നഗരസഭാഗം ഹെലൻ ഫെർണാണ്ടസ് ആദ്യ വില്പന നടത്തി. സപ്ലൈകോ ആലപ്പുഴ ഡിപ്പോ ജൂനിയർ മാനേജർ എസ് വനജകുമാരി, ഫെയർ കോ-ഓർഡിനേറ്റർ വി വി രമേശ്, പീപ്പിൾസ് ബസാർ ഷോപ്പ് മാനേജർ പി കെ ജോൺ, മുൻ മാനേജർ കെ എം സലിം, വിവിധ ഔട്ട്ലെറ്റ് മാനേജർമാരായ സൗമ്യ നീലാംബരൻ, ജയ്സൺ വർഗീസ്, വി എം ജസ്റ്റിൻ, കെ ബാബു, എ റ്റി വിനോദ്, വി വിജയലക്ഷ്മി, ടിപ്പു ജീവനക്കാരായ പ്രീത, പാർവതി, അഞ്ചൽ, സേതുലക്ഷ്മി തുടങ്ങിയവർ
പങ്കെടുത്തു.

(പി.ആര്‍/എ.എല്‍.പി/1089)

date