ലോക ഹോമിയോപ്പതി ദിനാഘോഷം സംഘടിപ്പിച്ചു
നാഷണല്‍ ആയുഷ് മിഷനും ഗവ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പരിപാടികള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ചികിത്സയെ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടാവണം. വന്ധ്യതാ ചികിത്സാ രംഗത്ത് ഉള്‍പ്പെടെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഹോമിയോപ്പതിയിലൂടെ സാധിക്കുമെന്നത് കേരളത്തില്‍ നടപ്പിലാക്കി വരുന്ന ജനനി പദ്ധതിയിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതിയിലെന്ന നിലയില്‍ ഹോമിയോപ്പതിക്ക് വലിയ അംഗീകാരമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം അനിന പി ത്യാഗരാജ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് അച്ചാമ്മ ലാനു തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിമിമോള്‍, അലോക സുവര്‍ണ ജൂബിലി ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സനല്‍ കുമാര്‍, അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജയശ്രീ, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത്, ഐഎച്ച്എംഎ സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ. റംസല്‍ തട്ടാരയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദിനാചരണ പരിപാടിയുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നിന്നും ആരംഭിച്ച ജാഥ മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഹോമിയോപ്പിതിക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി.
- Log in to post comments