Skip to main content

തീരദേശങ്ങൾ മാലിന്യമുക്തമാക്കുന്ന പ്രവർത്തനം മാതൃകാപരം : മന്ത്രി എം ബി രാജേഷ്

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള തീരദേശങ്ങളിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ 80 ശതമാനവും അതിലധികവും കൈവരിച്ച 1027 തദ്ദേശസ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഏഴു തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മാലിന്യനീക്കത്തിൽ കഴിഞ്ഞ വർഷം സർവ്വകാല റെക്കോർഡ് നേടാനായി. ഖരമാലിന്യ സംസ്‌കരണത്തിൽ വലിയൊരു മാറ്റം ഉണ്ടായിട്ടുണ്ട്. ശുചിത്വ സാഗരംസുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖം ബീച്ചിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി 66166 ടൺ മാലിന്യമാണ് ഹരിതകർമ്മസേന ശേഖരിച്ച് നീക്കം ചെയ്തത്. ഈ പ്രവർത്തനങ്ങൾ പ്രധാനമായും കരയിലാണ്. കടലും തീരവും കായലും ജലസ്രോതസ്സുകളും ഇപ്പോഴും മാലിന്യപ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ കേന്ദ്രങ്ങളിൽ മികച്ച പദ്ധതി നടപ്പിലാക്കുമ്പോൾ തന്നെ കടലിലും തീരപ്രദേശത്തും സമാന രീതിയിൽ മാലിന്യനിർമാർജനം നടപ്പിലാക്കാൻ സാധിക്കുന്നത് ഗുണകരമാണ്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പിന്തുണയും ചുവടുവയ്പുമാണ് ഫിഷറീസ് വകുപ്പിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭാവിയെക്കുറിച്ച് വളരെ പ്രതീക്ഷ നൽകുന്ന ശ്രദ്ധേയമായ പദ്ധതിയാണ് ശുചിത്വസാഗരംസുന്ദര തീരം പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷനായ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ബോധവൽക്കരണമായിരുന്നു. രണ്ടാം ഘട്ടം തീരം ശുചിയാക്കുക എന്ന നടപടിയാണ്. 15,000 ത്തോളം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നത്. ഓരോ ആക്ഷൻ കേന്ദ്രങ്ങളിലും 25 സന്നദ്ധപ്രവർത്തകരെ നിശ്ചയിച്ച് അവർക്ക് പരിശീലനം നൽകിയാണ് പദ്ധതി സ്ഥിരമായി നടപ്പാക്കുന്നത്. എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ ശുചീകരണം നടപ്പിലാക്കും. കടലോര മേഖലയിൽ പൂർണമായും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതുവരെ പദ്ധതി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

തീരദേശത്ത് 200 മീറ്റർ ഇടവിട്ട് ആക്ഷൻ കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഹാർബറുകൾ ഫിഷ് ലാൻഡിങ് സെന്ററുകൾടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബോട്ടിൽ ബൂത്ത് സ്ഥാപിക്കും. ഈ പ്രദേശങ്ങളിൽ എത്തുന്ന ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബൂത്തിൽ നിക്ഷേപിക്കണം. അതിനായി ബോധവൽക്കരണം നടത്തും. ബോട്ടിൽ ബൂത്തിൽ നിക്ഷേപിക്കുന്ന മാലിന്യം ഹരിതകർമ്മ സേന ക്ലീൻ കേരള കമ്പനി എന്നിവ വഴി കൃത്യമായി നിർമാർജനം ചെയ്ത് പൂർണ്ണമായും തീരം  മാലിന്യമുക്തമാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ മൂന്നാംഘട്ടമായ ഹാർബറുകൾ കേന്ദ്രീകരിച്ചു കടലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ നീക്കം മത്സ്യത്തൊഴിലാളികളുടെ പൂർണമായ സഹായത്തോടെ മാത്രമേ നടപ്പിലാക്കാൻ കഴിയു. കൊല്ലം നീണ്ടകര കേന്ദ്രീകരിച്ചു മത്സ്യബന്ധന ബോട്ടുകൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്'. സംസ്ഥാനത്തെ 27 ഹാർബറുകളിലേക്കും സമാന രീതിയിലുള്ള സംവിധാനം സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൽ നാസർ ബി സ്വാഗതം ആശംസിച്ചു. അഡ്വ. ആന്റണി രാജു എംഎൽഎജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർഫിഷറീസ് ഡയറക്ടർ സഫ നസറുദ്ദീൻഎച്ച് ഇ ഡി ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി എം.എകെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി. ഐ. ഷേഖ് പരീത്മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ സഹദേവൻ പിഎ ഡി എ മാനേജിങ് ഡയറക്ടർ ഇഗ്‌നേഷ്യസ് മൺട്രോകേരള മാരീടൈം ബോർഡ് സി ഇ ഒ ഷൈൻ എ ഹക്ക്കൗൺസിലർ സെറാഫിൻ ഫ്രഡി തുടങ്ങിയവർ പങ്കെടുത്തു.

മന്ത്രിമാരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുംനാട്ടുകാരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്ലാസ്റ്റിക് നിർമ്മാർജ്ജന നീക്കത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരപ്രദേശത്തെ ജനസാന്ദ്രത കൂടിയ 482 ആക്ഷൻ കേന്ദ്രങ്ങളിലാണ് ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചത്.

പി.എൻ.എക്സ് 1579/2025

date