സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി വി എൻ വാസവൻ
* വിഷു - ഈസ്റ്റർ സഹകരണ വിപണി തുടങ്ങി
വിഷു - ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു - ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു - ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിവിധ സഹകരണസംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. ഉത്സവകാലത്ത് സർക്കാർ നടത്തുന്ന വിപണി ഇടപെടലിലൂടെ വില നിലവാരം കൃത്യമായി നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാനും കഴിയുന്നതായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷങ്ങളിലേറെയായി 13 സാധനങ്ങൾ ഒരേ വിലയിൽ നൽകുന്ന സാഹചര്യം കൺസ്യൂമർഫെഡ് സ്വീകരിച്ചുവരുന്നു. സഹകരണ മേഖലയിൽ 400 ലധികം ഉൽപ്പന്നങ്ങൾ ഉൽപ്പാദനം ചെയ്യുന്നുണ്ടെന്നും അമേരിക്കയിലേക്കും അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായിട്ടാണ് 170 വിഷു - ഈസ്റ്റർ വിപണികേന്ദ്രങ്ങളുള്ളത്. ഏപ്രിൽ 21 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.
പി.എൻ.എക്സ് 1589/2025
- Log in to post comments