Skip to main content

മൂന്നുവർഷം മൂന്നര ലക്ഷം സംരംഭങ്ങളും ഏഴര ലക്ഷം പേർക്ക് തൊഴിലും ലഭിച്ചു: മന്ത്രി പി രാജീവ്

ചോറ്റാനിക്കരയിൽ ഔവർ മാർട്ട് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

 

 

സംരംഭക വർഷം പദ്ധതി നടപ്പിലാക്കി മൂന്നു വർഷം പിന്നിടുമ്പോൾ കേരളത്തിൽ 3,53,000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലക്ഷം ആളുകൾക്ക് വിവിധ സംരംഭങ്ങൾ വഴി തൊഴിൽ ലഭ്യമാകുന്നതിനും സാധിച്ചു. ചോറ്റാനിക്കര പഞ്ചായത്തിൽ ആരംഭിച്ച ഔവർ മാർട്ട് സൂപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 

മൂന്നുവർഷംകൊണ്ട് ഇത്രയും സംരംഭങ്ങൾ ആരംഭിച്ചതു നാടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. ഇതിൽ 31% വനിതാ സംരംഭങ്ങളാണ്. സംരംഭങ്ങൾ നടത്തുമ്പോൾ ആവശ്യമായ വില കിട്ടണം. മെച്ചപ്പെട്ട രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം. 

 

സംരംഭകർക്കു കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി കെ സ്റ്റോറുകൾ വഴി അതത് പ്രദേശത്ത് ഉണ്ടാക്കുന്ന സാധനങ്ങൾ വിൽക്കാൻ വ്യവസായ വകുപ്പും പൊതുവിതരണ വകുപ്പും ധാരണ പത്രം ഒപ്പുവെച്ചിട്ടുണ്ട്. അതിൻറെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 15 കോടിയുടെ എം എസ് എം ഇ ഉത്പന്നങ്ങൾ വിൽക്കാൻ സാധിച്ചു. ചോറ്റാനിക്കരയിൽ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഔവർ മാർട്ട് ഭാവന പൂർവ്വമായ സംരംഭമാണെന്നും മന്ത്രി പറഞ്ഞു. 

 

ചോറ്റാനിക്കര പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ സിജു, ലതാ ഭാസി, മെമ്പർമാരായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ലേഖ പ്രകാശൻ, മിനി പ്രദീപ്, വനിതാ സഹകരണസംഘം പ്രസിഡൻ്റ് രജനി മനാേഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കവിത മധു, എഡ്രാക്ക് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

date