Skip to main content

കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു - ഈസ്റ്റര്‍ വിപണിയ്ക്ക് തുടക്കമായി

വിഷു - ഈസ്റ്റര്‍ സീസണില്‍ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ വിഷു - ഈസ്റ്റര്‍ ചന്തയ്ക്ക് തുടക്കമായി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചന്തയുടെ ജില്ലാതല ഉദ്ഘാടനം എടപ്പാളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. പി മോഹന്‍ദാസ് നിര്‍വഹിച്ചു.

ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, പരപ്പനങ്ങാടി , വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര തുടങ്ങിയ ജില്ലയിലെ വിവിധയിടങ്ങളിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് വിഷു - ഈസ്റ്റര്‍ ചന്ത നടക്കുന്നത്.

13 ഇന നിത്യോപയോഗ സാധനങ്ങള്‍ക്ക് 40 ശതമാനം വരെയും മറ്റുള്ളവയ്ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെയും ഇളവ് ലഭിക്കും. പ്രതിദിനം ത്രിവേണികളില്‍ 75 പേര്‍ക്കും ജില്ലാ ചന്തയില്‍ 150 പേര്‍ക്കുമാണ് വിതരണം. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്. എപ്രില്‍ 21 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
ആന്ധ്ര ജയ അരി ( 33 രൂപ), കുറുവ അരി (33 രൂപ ), കുത്തരി ( 33 രൂപ ), പച്ചരി (29 രൂപ), പഞ്ചസാര ( 34 രൂപ ), ഉഴുന്ന് (90 രൂപ), ചെറുപയര്‍ (90 രൂപ),കടല (65 രൂപ), തുവരപ്പരിപ്പ് (105 രൂപ), വന്‍പയര്‍ (75 രൂപ), മുളക് (57.75 രൂപ) ,മല്ലി (40.95 രൂപ) വെളിച്ചെണ്ണ (240.45 രൂപ) എന്നീ നിരക്കിലാണ് 13 ഇന സബ് സിഡി സാധനങ്ങള്‍ വിപണനം ചെയ്യുന്നത്

ഇവയ്ക്ക് പുറമെ പൊതു മാര്‍ക്കറ്റില്‍ നിന്ന് വിലക്കുറവില്‍ നോണ്‍ സബ്‌സിഡി സാധനങ്ങളും പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളും സ്‌കൂള്‍ വിപണിയിലേയ്ക്കുള്ള എല്ലാ സാധനങ്ങളും കണ്‍സ്യൂമര്‍ ഫെഡ് സജ്ജമാക്കിയിട്ടുണ്ട്.

എടപ്പാള്‍ ത്രിവേണി മെഗാ മാര്‍ട്ട് പരിസരത്തു  നടന്ന ചടങ്ങില്‍  കണ്‍സ്യൂമര്‍ ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോഫിയ മെഹറിന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ നജീബ് നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ എസ് സുകുമാരന്‍ , കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍  ബി. കെ മുഹമ്മദ് ജുമാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍  സി.പി അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

date