ശുചിത്വ സാഗരം സുന്ദര തീരം; പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം തുടങ്ങി
മത്സ്യ സമ്പത്തിന്റെ വികസനവും തീര സംരക്ഷണവും ലക്ഷ്യമിട്ട് കടലും കടല്‍ത്തീരവും പ്ലാസ്റ്റിക് വിമുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ രണ്ടാംഘട്ട ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം ജില്ലയില്‍ തുടങ്ങി. മതിലകം പൊക്ലായി ബീച്ചില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ മാലിന്യ സംസ്‌കരണത്തിന് യോജിപ്പോടെയുള്ള മറുപടിയാണ് 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മാലിന്യത്തില്‍ത്തന്നെ പ്ലാസ്റ്റിക്കിന്റെ തോത് കൂടിവരുന്നതായും മുലപ്പാലില്‍ വരെ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പുഴകളും തോടുകളും കുപ്പത്തൊട്ടിയാക്കുന്ന പ്രവണതയെ നമ്മള്‍ ഒത്തൊരുമിച്ച് നേരിടണം. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകള്‍ കണ്ടെത്തി മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ കടല്‍ത്തീര പ്രദേശങ്ങളെ ശുചിത്വത്തോടെ പരിപാലിക്കാന്‍ കഴിയണമെന്നും ഇതിലൂടെ സഞ്ചാരികളെ ആകര്‍ഷിച്ച് നാടിന് സാമ്പത്തിക പുരോഗതി കൈവരിക്കാനാകുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
ജില്ലയില്‍ 54 കി.മീ ദൈര്‍ഘ്യമുള്ള അഴീക്കോട് മുതല്‍ ചാവക്കാട് വരെയുള്ള തീരപ്രദേശത്തെ തെരഞ്ഞെടുത്ത 51 ആക്ഷന്‍ പോയിന്റുകളിലാണ് ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനയജ്ഞം നടപ്പിലാക്കിയത്. മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, സാഫ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, യുവജന സംഘടനകള്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ സഹകരണത്തോടെയാണ് യജ്ഞം പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ടി.ഡി അശ്വിനി, നാഷണല്‍ റോളര്‍ സ്‌കേറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സി.എസ് അമയ എന്നിവരെ ആദരിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ എച്ച്. സലീം, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹഫ്‌സ ഒഫൂര്‍, മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് രാജു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ ഹരിലാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രേമാനന്ദന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍.കെ ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, കെ.എസ് ജയ, ഫിഷറില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി ലിസി, റീജിയണല്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എസ് ശിവപ്രസാദ്, മതിലകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് രാംദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജെ.എസ് സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments