കരുതലോടെ കൈകോർത്ത് വിജ്ഞാന തൃശ്ശൂർ
വിദ്യാസമ്പന്നമായൊരു സമൂഹത്തെ അവരുടെ വിദ്യഭ്യാസയോഗ്യതക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന വിജ്ഞാന തൃശ്ശൂർ മെഗാ ജോബ് ഫെയറിന്റെ ജില്ലാ വിജ്ഞാന സമിതി യോഗം ചേർന്നു. യോഗം ഉന്നത വിദ്യഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായി. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ അഡ്വൈസർ ഡോ. ടി.എം തോമസ് ഐസക് പദ്ധതി വിശദീകരിച്ചു.
തൃശ്ശൂരിന്റെ വിജ്ഞാന പൂരത്തിന് തൊഴിൽ അന്വേഷകരായ മുഴുവൻ ഉദ്യോഗാർത്ഥികളെയും ഭാഗമാക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ വിജ്ഞാന സമിതി ആസൂത്രണം ചെയ്യുന്നത്. ജില്ലാ തലം മുതൽ വാർഡ് തലം വരെയുള്ള റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനം പൂർത്തീകരിച്ച് തൊഴിൽ അന്വേഷകരെ ഡി ഡബ്ല്യൂ എം എസ് പോർട്ടൽ വഴി രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സ്കില് കൗൺസിലുകൾ രൂപീകരിക്കുന്നതിനും നിയോജകമണ്ഡലങ്ങളിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിജ്ഞാന തൃശ്ശൂർ അവലോകന യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ വിജ്ഞാന സമിതി ചെയർമാൻ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എം എൽ എയുമായ എ.സി മൊയ്തീൻ എന്നിവരെ പങ്കെടുപ്പിച്ച് ഏപ്രിൽ 16 ന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വെർച്ച്വൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ഉറപ്പാക്കും. ഏപ്രിൽ 26ന് തൃശ്ശൂരിലെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയർ നടക്കുന്ന ഗവ. എഞ്ചിനീയറിങ് കോളേജിലേക്ക് ശക്തൻ സ്റ്റാന്റ്, വടക്കേ സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്ന് യാത്രാ സൗകര്യമൊരുക്കാനും തീരുമാനിച്ചു.
കളക്ട്രേറ്റ് എക്സിക്യുട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ എം എൽ എമാരായ എ.സി മൊയ്തീൻ, എൻ.കെ അക്ബർ, സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ സിതാര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ, നഗരസഭ അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments