വിഷുക്കൈനീട്ടവുമായി അടിച്ചിൽ തൊട്ടി, വീരാം കുടി, വെട്ടി വിട്ടകാട് ഉന്നതികളിൽ കളക്ടറുടെ സന്ദർശനം; *ജില്ലയിലെ ഏറ്റവും അറ്റത്തെ ഗ്രാമത്തിലും കളക്ടർ എത്തി
അതിരപ്പള്ളിയിലെ അടിച്ചിൽ തൊട്ടി, വീരാംകുടി ഉന്നതി നിവാസികൾക്ക് ഈ വിഷുവിന് ഇരട്ടിമധുരം. അടിച്ചിൽ തൊട്ടിയിൽ വിഷുക്കൈനീട്ടമായി 18 കുടുംബങ്ങൾക്ക് വൈദ്യുതിയെത്തി. വീരാം കുടിയിലെ അരേക്കാപ്പിലേയും 31 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു, സർവ്വെ പൂർത്തിയായി, മെയ് ആദ്യവാരം വനാവകാശ രേഖ അനുവദിച്ചു 103 ഏക്കർ ഭൂമി കൈമാറും.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലുള്ള സംഘം അടിച്ചിൽ തൊട്ടി ഉന്നതിയിൽ നേരിട്ടെത്തി വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടു. പ്രദേശത്തെ ബി.എസ്.എൻ.എൽ ടവറിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾ പരാതി ഉന്നയിച്ചു. മെയ് ഒന്നിന് മുമ്പ് ടവർ പ്രവർത്തനക്ഷമമാകുമെന്ന് കളക്ടർ ഉറപ്പ് നൽകി.
95 കുടുംബങ്ങളാണ് അടിച്ചിൽ തൊട്ടി ഉന്നതിയിൽ കഴിയുന്നത്. എല്ലാ കുടുംബങ്ങൾക്കും ഗ്യാസ് കണക്ഷൻ, വീട് മുതലായവ നൽകാൻ നടപടിയെടുക്കും.
ജില്ലയിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്ത 55 വീടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. എല്ലാ ആദിവാസി ഭവനങ്ങളിലും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ജില്ലാ കളക്ടറും സംഘവും ഉന്നതിയിലെത്തിയ സന്തോഷ സൂചകമായി പരമ്പരാഗതമായി നിർമ്മിച്ച കണ്ണാടി പായ, മൊറം, തേൻ എന്നിവ സമ്മാനമായി കളക്ടർക്കും സംഘത്തിനും നൽകി.
- Log in to post comments