Skip to main content

*വെട്ടി വിട്ടകാട്*

 

ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്നാട്ടിൽക്കൂടി കയറി വേണം ഇവിടെ എത്താൻ. 

ഈ ഉന്നതി സന്ദർശിക്കുന്ന ആദ്യ ജില്ലാ കളക്ടർ കൂടിയാണ് അർജുൻ പാണ്ഡ്യൻ. മൂന്ന് കിലോമീറ്റർ കാട്ടിലെ ദുഷ്കര പാതയിലൂടെ ട്രക്ക് ചെയ്തുവേണം ഇവിടെയെത്താൻ. കുത്തനയുള്ള കയറ്റമൊന്നും കളക്ടറെയും സംഘത്തെയും തളർത്തിയില്ല. വിഷു സമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷ്യകിറ്റുകളും സ്‌പോർട്‌സ് കിറ്റുകളും സംഘം ഉന്നതിയിൽ വിതരണം ചെയ്തു. 

റോഡ്, നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ചാലക്കുടിയിലെ ഹോസ്റ്റൽ സൗകര്യം, കമ്മ്യൂണിറ്റി ഹാൾ എന്നീ ആവശ്യങ്ങൾ നാട്ടുകൾ കളക്ടറുമായി പങ്കുവച്ചു. റോഡിന്റെയും മറ്റ് കാര്യങ്ങളുടെയും സാധ്യത പരിശോധിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി. ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

 

കളക്ടറെത്തിയപ്പോൾ ഹരി, അശ്വതി എന്നിവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയായിരുന്നു. വധൂവരന്മാർക്ക് ആശംസകൾ നേർന്ന് കപ്പയും ചട്ണിയും കഴിച്ചശേഷമാണ് കളക്ടർ മടങ്ങിയത്.  

വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് 100 ശതമാനം വ്യക്തിഗത അവകാശങ്ങൾ ഉറപ്പാക്കിയ ജില്ലയെന്ന പദവിയിലേക്ക് നീങ്ങുകയാണ് തൃശ്ശൂർ.  

 

അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർ, ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ചാലക്കുടി തഹസിൽദാർ, മലക്കപ്പാറ പോലീസ് ഇൻസ്പെക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, തൃശ്ശൂർ കളക്ട്രേറ്റ്, ചാലക്കുടി താലൂക്ക് ഉദ്യോഗസ്ഥർ, കെഎസ്ഇബി, ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പം ഉന്നതി സന്ദർശനത്തിനുണ്ടായിരുന്നു.

 

രാവിലെ 10 ന് അടിച്ചിൽ തൊട്ടിയിൽ തുടങ്ങിയ സന്ദർശനം രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്.

date