Skip to main content

മീറ്റ് ദ കളക്ടറിൽ അതിഥികളായി അങ്കണവാടി അധ്യാപകർ;  വാ വായിക്കാം പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ വിതരണം ചെയ്തു

 

 

തൃശ്ശൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക ചേംബർ ഇത്തവണ സാക്ഷിയായത് ഹൃദയസ്പർശിയായ ഒരു സംവാദത്തിനായിരുന്നു. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന 'മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍' പരിപാടിയുടെ 31-ാം അധ്യായത്തിൽ ഇത്തവണ അതിഥികളായി എത്തിയത് ജില്ലയിലെ വിവിധ അങ്കണവാടികളിലെ 23 അധ്യാപകരായിരുന്നു. 

 

ഒരു അധ്യയന വർഷത്തിന്റെ അവസാനം കളക്ടറെ കാണാൻ അവസരം ലഭിച്ചപ്പോൾ അങ്കണവാടി അധ്യാപകർക്ക് പങ്കുവെക്കാൻ ഉണ്ടായിരുന്നത് നിരവധി വിശേഷങ്ങൾ. ജില്ലാ കളക്ടറുടെ ഔപചാരിക പരിവേഷം മാറ്റിവെച്ച് കളക്ടറും അവരുമായി സംസാരിച്ചു. 

ഓരോ ടീച്ചറെയും വ്യക്തിപരമായി പരിചയപ്പെട്ടു. 

 

തങ്ങളുടെ അധ്യാപന ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളെ കുറിച്ചും എല്ലാം അവർ കളക്ടറുമായി സംസാരിച്ചു. 

 

ചർച്ച പിന്നീട് വിഷു ആഘോഷങ്ങളെ കുറിച്ചും വീട്ടുവിശേഷങ്ങളിലേക്കും കടന്നു. 

 

അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ആകുലതകളും കേട്ടറിഞ്ഞു. ജോലിയുടെ പ്രത്യേകതകൾ മനസ്സിലാക്കി. 

 

ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത് ഒരു ജോലി എന്നതിനപ്പുറം ഒരു ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് അവർ പറഞ്ഞു. 

 

ഒപ്പം, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിയുന്നതിന്റെ ചാരിതാർത്ഥ്യവും അവർ പ്രകടിപ്പിച്ചു. എന്നാൽ, വ്യത്യസ്ത ജോലികളിൽ ഏർപ്പെടുന്നതുമൂലം ഉണ്ടാകുന്ന തിരക്കുകൾ തങ്ങളുടെ അങ്കണവാടികളിലെ കുട്ടികൾക്ക് നൽകേണ്ട സമയത്തെയും ക്ലാസുകളെയും ബാധിക്കുമോ എന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. 

 

ഇത്തരത്തിൽ വ്യത്യസ്ത ജോലികൾ ഒരേസമയം ചെയ്യേണ്ടി വരുന്നതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പ്രാദേശിക അവധികൾ ലഭ്യമല്ലാത്തത്, വേതന പ്രശ്നങ്ങൾ, ചില അങ്കണവാടികളിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ.. അങ്ങനെ നിരവധി പരാതികളും അധ്യാപകർ ഉന്നയിച്ചു. 

 

എന്നാലും, പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടും തങ്ങൾ ചെയ്യുന്ന ജോലിയിൽ വളരെയേറെ സംതൃപ്തരാണെന്നും അവർ സംശയമേതും ഇല്ലാതെ ഒരേ സ്വരത്തിൽ അറിയിച്ചു. 

 

ഇതിനിടെ സാറിൻറെ അമ്മയും ഒരു അങ്കണവാടി ടീച്ചർ ആയിരുന്നില്ലേ എന്ന് ഒരു അധ്യാപിക ചോദിച്ചു. അതേയെന്ന് ചിരിച്ചുകൊണ്ട് അഭിമാനത്തോടെയും സന്തോഷത്തോടെയും കളക്ടറുടെ മറുപടി. 

 

എല്ലാം കേട്ടറിഞ്ഞ കളക്ടർ പ്രശ്നങ്ങൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമെന്നും അറിയിച്ചപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പും അവിടെ ഉയർന്നു. പ്രാദേശിക അവധികളിൽ അങ്കണവാടികളെയും അങ്കണവാടി അധ്യാപകരെയും ഹെൽപർമാരേയും ഉൾപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. 

 

തുടർന്ന്, ജില്ലയിലെ അങ്കണവാടികളിൽ ത്രീ ജനറേഷൻ (3 ജി) ലൈബ്രറികൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച "വാ വായിക്കാം" പദ്ധതിയെ കുറിച്ച് കളക്ടർ സംസാരിച്ചു, ആദ്യഘട്ട പുസ്തകവിതരണം നടത്തി. 

തിരഞ്ഞെടുക്കപ്പെട്ട രണ്ട് അങ്കണവാടികളിലേക്കായാണ് പുസ്തകങ്ങൾ കൈമാറിയത്. 

 

പിരിയുന്നതിനു മുമ്പ് കളക്ടർക്കൊപ്പം ഒരു ഫോട്ടോ സെഷനും കൂടിയായപ്പോൾ എല്ലാവരും ഹാപ്പി. ഇത്തരം ഒരു അവസരം ഒരുക്കിയ ജില്ലാ ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ട് ആണ് അവർ കളക്ടറേറ്റിൽ നിന്ന് മടങ്ങിയത്.

date