100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു
തോളൂർ ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ ലഭിച്ച തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 324 തൊഴിലാളികളെ കളക്ടർ മെമെൻ്റോ നൽകി ആദരിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയുടെ അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്താൻ പോകുന്ന ലൈബ്രറികളിലേക്ക് "വാ വായിക്കാം " പ്രോഗ്രാമിലേക്ക് പുസ്തകശേഖരം കളക്ടർക്ക് പ്രസിഡൻ്റ് സമ്മാനിച്ചു. സദസ്സിലിരിക്കുന്ന തൊഴിലാളികളുടെ ഇടയിലേക്ക് കയറിച്ചെന്ന് അവരുമായി സൗഹൃദ സംഭാഷണത്തിന് കളക്ടർ സമയം കണ്ടെത്തി. അവരുടെ കലാപരിപാടികൾ കണ്ടു പ്രോത്സാഹിപ്പിച്ചും തൊഴിലാളികൾക്കൊപ്പം ഫോട്ടോയെടുക്കാനും മടി കാണിച്ചില്ല. തൊഴിലാളികൾക്ക് ഇതൊരു പുതിയ അനുഭവമായി. സ്ഥലത്ത് നിന്ന് പോകാൻ തയ്യാറെടുക്കുന്ന സമയത്ത് ഫുട്ബോൾ പരിശീലനത്തിന് ആ വഴി വന്ന വിദ്യാർത്ഥികൾക്കൊപ്പം കുശലം ചോദിച്ചും ഫോട്ടോയെടുത്തും തോളൂർക്കാർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചാണ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ മടങ്ങിയത്.
പറപ്പൂർ കുന്നത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ഷീന വിൽസൻ, സരസമ്മ സുബ്രമണ്യൻ, കെ.ജി. പോൾസൺ, വി.കെ. രഘുനാഥൻ, വി പി അരവിന്ദാക്ഷൻ, എ.പി. പ്രജീഷ്, ഷൈലജ ബാബു, ഷീന തോമസ്, കെ. ആർ സൈമൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ജോസ്, സി.എ. സന്തോഷ്, വി. എസ് ശിവരാമൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ ലൈജു സി. എടക്കളത്തൂർ, തോളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments