പരൂര്‍കുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും
പരൂര്‍കുന്ന് പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 22 ന് താക്കോല്‍ കൈമാറും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്. 123 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 480 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്‌റൂം, ഒരു ഹാള്‍, അടക്കള, ശുചിമുറി, വരാന്ത എന്നിവയാണ് വീട് നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടത്. 41.50 ലക്ഷം രൂപ ചെലവിട്ടാണ് വീടുകളിലെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്. 1.04 കോടി വകയിരുത്തി കേരള ജല അതോറിറ്റി മുഖേന വീടുകളിലേക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കി. ഏല്ലാ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ ചെലവില്‍ 500 ലിറ്റര്‍ വീതമുള്ള വാട്ടര്‍ ടാങ്ക് അനുവദിക്കും. കൂടാതെ ഉന്നതിയില്‍ വായനശാല, സാമൂഹിക പഠനമുറി എന്നിവ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട 42 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. പ്രദേശത്തേക്കുള്ള റോഡിന്റെ നിര്‍മ്മാണത്തിന് പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നുതായി അധികൃതര്‍ അറിയിച്ചു.
- Log in to post comments