സാധാരണക്കാർക്ക് താങ്ങായി സഹകരണ മേഖല: നടപ്പാക്കിയത് ഒട്ടേറെ വികസന പദ്ധതികൾ
സാമ്പത്തിക രംഗത്ത് സാധാരണക്കാരന് കൈത്താങ്ങായി സഹകരണവകുപ്പ്്. വകുപ്പിനുകീഴിൽ സർക്കാർ കഴിഞ്ഞ ഒൻപതു വർഷങ്ങളിലായി ജില്ലയിൽ നടപ്പാക്കിയത് അനവധി വികസന,ക്ഷേമ പദ്ധതികൾ. സഹകരണ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾക്കു പുറമേ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും താങ്ങാകുന്ന പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കി.
രോഗബാധിതരായ സഹകരണസംഘാംഗങ്ങൾക്കായി അംഗസമാശ്വാസ പദ്ധതി, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതി, കുട്ടികളുടെ പഠനത്തിന് വിദ്യാതരംഗിണി വായ്പാ പദ്ധതി, സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായിരുന്ന അശരണരായവർക്ക് സഹകാരി സാന്ത്വനം പദ്ധതി, വഴിയോരക്കച്ചവടക്കാർക്കും ഓട്ടോറിക്ഷാ വാങ്ങാനാഗ്രഹിക്കുന്നവർക്കുമായി സഹായഹസ്തം വായ്പാ പദ്ധതി, വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും കോഴ്സ് ഫീസ് വായ്പയായി നൽകുന്ന നൈപുണ്യ വായ്പാ പദ്ധതി, ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനുള്ള മുറ്റത്തെ മുല്ല പദ്ധതി, തീരദേശ ജില്ലകളിലെയും ഉൾനാടൻ മത്സ്യ ബന്ധനം നടത്തുന്ന മേഖലകളിലെയും മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്ന സ്നേഹതീരം പദ്ധതി തുടങ്ങിയവ നൽകിയ ആശ്വാസം ചെറുതല്ല.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ മ്യൂസിയം 'അക്ഷര'ത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം 2024 നവംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
2018-ലെ പ്രളയത്തിൽ നാശനഷ്ടം നേരിട്ട ഏറ്റുമാനൂർ മണ്ഡലത്തിലെ സഹകരണ സംഘങ്ങൾക്ക് പുനരുദ്ധാരണ പദ്ധതി പ്രകാരം 36.81 ലക്ഷം രൂപയും വൈക്കം മണ്ഡലത്തിലെ സംഘങ്ങൾക്ക് 12.21 ലക്ഷം രൂപയും കോട്ടയം മണ്ഡലത്തിലെ സംഘങ്ങൾക്ക് 3.75 ലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം ആറ് മണ്ഡലങ്ങളിലായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതിയിലൂടെ മൊത്തം 83 വീടുകൾ പൂർത്തീകരിച്ചു നൽകി.
അംഗസമാശ്വാസ പദ്ധതി പ്രകാരം ഏറ്റുമാനൂർ മണ്ഡലത്തിൽ മാത്രം 17255000 രൂപയുടെ സഹായം രോഗബാധിതരായ സഹകരണ സംഘാങ്ങൾക്ക് നൽകി. കടുത്തുരുത്തിയിൽ 11520000 രൂപയും കോട്ടയം മണ്ഡലത്തിൽ 5630000 രൂപയും കാഞ്ഞിരപ്പള്ളിയിൽ 6525000 രൂപയും ചങ്ങനാശ്ശേരിയിൽ 8770000 രൂപയും പാലായിൽ 11925000 രൂപയുംപുതുപ്പള്ളിയിൽ 8025000 രുപയും പൂഞ്ഞാറിൽ 6120000 രൂപയും വൈക്കത്ത് 9565000 രൂപയും നൽകി.
ജില്ലയിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളായിരുന്ന അശരണരായ ദുരിതബാധിതർക്ക് സഹകാരി സാന്ത്വനം പദ്ധതിയുടെ കീഴിൽ 7.7 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ഭക്ഷ്യ കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുഭിക്ഷ കേരളം പദ്ധതി സഹകരണ സംഘങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ കർഷകരെ സഹായിക്കുന്നതിനായി ആധുനിക റൈസ് മില്ലുകളും ഗോഡൗണും സ്ഥാപിക്കുന്ന പദ്ധതിപ്രകാരം കേരളാ പാഡി പ്രൊക്യുയർമെന്റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘം പ്രവർത്തനമാരംഭിച്ചത് നെൽകർഷകർക്ക് ആശ്വാസമായി.
- Log in to post comments