Skip to main content
..

കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സ ‘ദൃഷ്ടി പതിഞ്ഞത്’ ആയിരങ്ങള്‍ക്ക്

ആയുര്‍വേദത്തിന്റെ ‘ദൃഷ്ടി’ കരുതലായത് ജില്ലയിലെ ആയിരത്തലധികം കുട്ടികള്‍ക്ക്. കുട്ടികളിലെ കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം ലക്ഷ്യമാക്കിയാണ് ഭാരതീയ ചികിത്സാവകുപ്പും കേരള സര്‍ക്കാരും ആയുഷ് മിഷനും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഇതുവരെ ആയിരത്തിലധികം കുട്ടികള്‍ക്ക് പരിശോധന നടത്തി.
 കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ജില്ലയില്‍ ‘ദൃഷ്ടി' ഒ.പി പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ കാഴ്ചതകരാറുകള്‍ തുടക്കത്തില്‍ കണ്ടെത്തി, പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ.
കണ്ണട ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് തലവേദന, കണ്ണിനുകഴപ്പ്, വേദന എന്നിവ കണ്ടുവരുന്ന പശ്ചാത്തലത്തില്‍ അവയ്ക്കുള്ള ചികിത്സ കൃത്യതയാര്‍ന്നതാക്കുന്നതിനാണ് പരിശോധനയില്‍ ഊന്നല്‍ നല്‍കുന്നത്. വിഡിയോകള്‍ കാണുന്നതിനും വിഡിയോഗെയിം കളിക്കുന്നതിനും കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയുടെ തുടര്‍ച്ചയായ ഉപയോഗംവഴിയും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും സാധ്യമാക്കുന്നു. നേത്രരോഗങ്ങള്‍  കണ്ടെത്തിയാല്‍ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 10 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു.  ആയിരത്തിലധികം കുട്ടികളുടെ കാഴ്ച പരിശോധന നടത്തി. എട്ടു മാസത്തിനിടെ ഒ.പി വഴിയും ആയിരത്തോളം പേര്‍ക്ക് ചികിത്സ നല്‍കി.
2024 ഓഗസ്റ്റിലാണ് പദ്ധതിയുടെ തുടക്കം. ആശുപത്രിയിലേക്ക് ആവശ്യമായ സാങ്കേതികവിദഗ്ധര്‍, ഉപകരണങ്ങള്‍, മരുന്നുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നാഷണല്‍ ആയുഷ് മിഷന്‍ ലഭ്യമാക്കി. ഒരു നേത്ര വിദഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍, ഒപ്‌റ്റോമെട്രിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. കൃഷ്ണമണി, ലെന്‍സ് എന്നിവ പരിശോധിക്കുന്ന സ്ലിറ്റ് ലാമ്പ്, കണ്ണടയുടെ പവര്‍ നിശ്ചയിക്കുന്ന ഓട്ടോ റിഫ്രാക്ടോ മീറ്റര്‍, കണ്ണിലെ പ്രഷര്‍ പരിശോധിക്കുന്ന നോണ്‍ കോണ്‍ടാക്ട് ടോണോമീറ്റര്‍, കണ്ണിലെ ഞരമ്പിനുണ്ടാകുന്ന രോഗങ്ങള്‍ പരിശോധിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ഉപയോഗിക്കുന്ന ഫണ്ടസ് തുടങ്ങി 30 ലക്ഷം രൂപയോളം വില വരുന്ന അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ•ന പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് 40000 രൂപ വകയിരുത്തി ഉപകരണങ്ങള്‍ സ്ഥാപിച്ച മുറി ശീതികരിക്കുകയും ചെയ്തു. മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്തുന്നതിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഒ.പി സമയം.
(പി.ആര്‍.കെ നമ്പര്‍ 1047/2025)

date