Skip to main content

മോക്ഡ്രില്‍: തണ്ണീര്‍മുക്കത്ത് ടേബിൾ ടോപ് എക്സർസൈസ് നടത്തി

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനും തണ്ണീർമുക്കം പഞ്ചായത്തിൽ ഏപ്രിൽ 24ന് നടക്കുന്ന മോക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ഹാളിൽ  ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല അധ്യക്ഷയായി.
മോക് ഡ്രില്ലിന്റെ ഭാഗമായി 24 ന് തണ്ണീർമുക്കം പഞ്ചായത്തിലെ എട്ടാം വാർഡായ വെളിയമ്പ്രയിൽ നിന്നാണ് പ്രളയബാധിതരെ ഒഴിപ്പിക്കുന്നത്. തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളാണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. വൈകിട്ട് മൂന്നിന് മോക് ഡ്രിൽ ആരംഭിക്കും. റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഓമന ബാനർജി, സ്വപ്ന ഷാബു, ചേർത്തല തഹസിൽദാർ എസ് ഷീജ, ഡെപ്യൂട്ടി തഹസിൽദാർ വി ജെ ഗ്രേസി, ദുരന്ത നിവാരണ പ്ലാൻ കോ ഓർഡിനേറ്റർ എസ് രാഹുൽ കുമാർ, കില കോ ഓർഡിനേറ്റർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1134)

date