എന്റെ കേരളം എക്‌സിബിഷന്‍; ജില്ലയില്‍ യുവപ്രതിഭ സംഗമം സംഘടിപ്പിക്കും
മെയ് 3 മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ജില്ലയിലെ യുവപ്രതിഭകളുടെ സംഗമം സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25 വയസ്സില്‍ താഴെയുള്ള പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുക്കുക. കലാ - സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം, തൊഴില്‍, കൃഷി, സംരംഭകത്വം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയങ്ങള്‍ കൊയ്തവരും പരിപാടിയുടെ ഭാഗമാവും.
പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കുന്നവരെ തദ്ദേശ സ്ഥാപനങ്ങളാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഒരു തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ചുരുങ്ങിയത് മൂന്നു പേരെ നാമനിര്‍ദ്ദേശം ചെയ്യാം. ഇതിനായുള്ള പ്രത്യേക പെർഫോമ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. യുവപ്രതിഭകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങള്‍, ലഭിച്ച അംഗീകാരങ്ങള്‍, വ്യക്തികളെ കുറിച്ചുള്ള ചെറുകുറിപ്പ് എന്നിവ അടങ്ങുന്ന ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചു നൽകണം. ഏപ്രിൽ 25 ഓടെ യുവപ്രതിഭാ സംഗമത്തിലേക്കുള്ള നോമിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാൻ എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന പട്ടികയില്‍ നിന്നാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻറെ കേരളം പ്രദർശന വിപണമേളയിലാണ് യുവപ്രതിഭകളെ ആദരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ക്ക് അവരുടെ വിജയഗാഥകൾ പങ്കുവയ്ക്കാനുള്ള അവസരം നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ യോഗത്തില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എം ലിഷ മോഹൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിഭാ സംഗമത്തിലേക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതായി അവർ അറിയിച്ചു.
യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽ കരീം, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എകെ അബ്ദുൽ ഹക്കീം, എൽഎസ്ജിഡി അസിസ്റ്റൻ്റ് ഡയറക്ടർ കെ സരുൺ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments