എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പാദഭംഗിക്കായി സൗജന്യ ഫിഷ് സ്പാ
പാദഭംഗിക്ക് ഫിഷ് സ്പാ ആയാലോ..? ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ സൗജന്യ ഫിഷ് സ്പാ ആസ്വദിക്കാം. ഫിഷറീസ് വകുപ്പാണ് സൗജന്യ ഫിഷ് സ്പാ ഒരുക്കുന്നത്. മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്. മേള നടക്കുന്ന ഏഴ് ദിവസവും ഫിഷ് സ്പാ ആസ്വദിക്കാം.
മൂന്ന് അടി ആഴത്തിലുള്ള ഗ്ലാസ് ഫിഷ് ടാങ്കാണ് ഫിഷ് സ്പായ്ക്കായി ഉപയോഗിക്കുക. ഒരാള്‍ക്ക് കാല് ഇട്ടിരിക്കാവുന്ന തരത്തില്‍ സൗകര്യം ഒരുക്കും. ഗാരാ മീനുകളാണ് ഫിഷ് സ്പായിലുണ്ടാവുക. ഒരാള്‍ക്ക് പത്ത് മിനിറ്റ് എന്ന സമയക്രമത്തിലാണ് ഫിഷ് സ്പാ നടത്തുന്നത്. പൊട്ടാസ്യം പെര്‍മോഗ്രാനേറ്റ് ലായനിയില്‍ കാല് കഴുകി പാദങ്ങള്‍ വൃത്തിയാക്കിയതിന് ശേഷമാണ് ഫിഷ് സ്പായുടെ ഭാഗമാവാനാവുക. പ്രത്യേക മേല്‍നോട്ടത്തിനായി ഫിഷറീസ് വകുപ്പിന്റെ ഗുണഭോക്താവുണ്ടാവും. നിശ്ചിത സമയത്തില്‍ വെള്ളം അഴുക്കായാല്‍ ശുദ്ധീകരണ സംവിധാനവുമുണ്ട്. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യം.
- Log in to post comments