Skip to main content
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ - ആരോഗ്യ പ്രവർത്തക സംഗമത്തിൽ ആശാപ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ.

എന്റെ കേരളത്തിന് ആവേശമായി ആടിയും പാടിയും ആശാ സംഗമം

 ആടിയും പാടിയും ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരും എന്റെ കേരളം പ്രദർശനമേളയുടെ ഞായറാഴ്ച പകലിനെ ആവേശത്തിലാറാടിച്ചു. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ - ആരോഗ്യ പ്രവർത്തക സംഗമത്തിലാണ് ജീവനക്കാരും ആശാപ്രവർത്തകരും കലാവിരുന്നൊരുക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസിന്റെ ശബ്ദത്തിൽ 'കുറി വരച്ചാലും കുരിശു വരച്ചാലും...' എന്ന ഗാനാലാപത്തോടെ തുടങ്ങിയ പരിപാടിയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരും ജീവനക്കാരും ആരെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. 
പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാർ അവതരിപ്പിച്ച സുംബാ നൃത്തത്തിനൊപ്പം  സദസ്സിലിരുന്നവരും  ആവേശത്തോടെ ചുവടുവെച്ചു. 
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അവതരിപ്പിച്ച 
സംഘനൃത്തവും തിരുവാർപ്പ് കുടുംബാരോഗ്യകേന്ദ്രത്തിലെ ജ്യോതി ഹരികുമാറിന്റെ ഫ്യൂഷൻ ഡാൻസും വെളിയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ആശാ പ്രവർത്തക സ്‌നേഹാ സജിയുടെ നാടോടിനൃത്തവും കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്. 
 ഡി.എം.ഒ. ഓഫീസ് ജീവനക്കാരൻ മാത്യു, കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അപർണ്ണ, എയ്ഞ്ചൽ ജെയിംസ്, ദേശീയ ആരോഗ്യ പദ്ധതി പി. ആർ.ഒ. അഭിലാഷ് രാജേന്ദ്രൻ, നെടുംകുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക ലത, സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക ഫിനിമോൾ, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക തുളസി ബിജു, കോട്ടയം ടി.ബി. സെന്ററിലെ ജീവനക്കാരി മിനി, പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ദിവ്യ എന്നിവർ ഗാനമാലപിച്ചു. വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക സുരേഖ കവിത ചൊല്ലി.
ആശാ പ്രവർത്തകരെ ആരിച്ചു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മികവ് തെളിയിച്ച ആശാ പ്രവർത്തകരെ സംഗമത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ മെഡലുകൾ അണിയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ചടങ്ങിൽ പങ്കെടുത്തു

date