വേട്ടേക്കോട് ഖരമാലിന്യം നീക്കല്‍ ആദ്യ ലോഡ് കയറ്റി അയച്ചു
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയില്‍ വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ നീക്കം ചെയ്ത ആദ്യ ലോഡ് മാലിന്യം കയറ്റി അയച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ല്യു.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്. 1.10 ഏക്കര്‍ ഭൂമിയില്‍ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്.
രണ്ട് മാസത്തിനുള്ളിളില്‍ വേട്ടേക്കാട് നിന്ന് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യും. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ ബയോ മൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ട് ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ കോരിയെടുത്ത് വേര്‍തിരിച്ച് ഖരമാലിന്യങ്ങള്‍ കോയമ്പത്തൂരിലെ സിമന്റ് കമ്പനിയിലേക്ക് കയറ്റി അയക്കും. ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എല്‍സി ടീച്ചര്‍, കൗണ്‍സിലര്‍മാരായ ബേബി കുമാരി, മരുന്നന്‍ മുഹമ്മദ്, എന്‍.കെ. ഉമ്മര്‍ ഹാജി, ഹുസൈന്‍ മേച്ചേരി, വി.സി. മോഹനന്‍, നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ നുജൂം, കെ.എസ്.ഡബ്യൂ.എം.പി ഉദ്യോഗസ്ഥരായ എല്‍. ദേവിക, ഡോ. ലതിക, ഇ.വിനോദ് കുമാര്‍, വി.ആര്‍. സതീശന്‍, ബിറ്റോ ആന്റണി, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.രതീഷ്, റില്‍ജു മോഹന്‍, സി. നസ്‌റുദ്ധീന്‍, എന്‍.ഷിജി, എം.സി. ആതിര, ടി.കെ. വിസ്മയ, കെ.എസ്.ഡബ്ല്യൂ.എം.പി എഞ്ചിനീയര്‍ സഹദ് മിര്‍സ, ശുചിത്വ മിഷന്‍ യങ് പ്രൊഫഷനല്‍ പി.എം. സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments