Skip to main content

പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ഗവ.ഡെന്റല്‍ കോളേജ്

ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച്  ഗവ.  ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതികള്‍ക്ക് വേഗം പകര്‍ന്നതിന്റെ ഭാഗമായാണ് 
 നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരം കുറിച്ച്  മികച്ച സൗകര്യങ്ങളോടെ   പുതിയ കെട്ടിടം യാഥാർത്ഥ്യമായത്. 

3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഠനത്തിനും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സമ്പൂര്‍ണ്ണമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. നാല് ക്ലാസ് മുറി, ക്ലിനിക്ക്, 50 പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുന്ന  ഹാൾ, 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം, വിശാലമായ ലൈബ്രറി, പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കായി പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ വിദ്യാർഥികളുടെ ക്ലാസുകൾ ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന അവസാനഘട്ട നടപടികളെല്ലാം പൂർത്തിയാക്കി കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 

ഒരു ക്ലാസില്‍ 50 കുട്ടികള്‍ വീതം ആറു ബാച്ചുകളാണ് കോളേജില്‍ ഉള്ളത്. ഓറല്‍ മെഡിസിന്‍ ആൻഡ് റേഡിയോളജി,കൃത്രിമ ദന്തരോഗ വിഭാഗം, മോണ രോഗവിഭാഗം, കണ്‍സര്‍വേറ്റിവ് ഡെന്റിസ്ട്രി ആന്‍ഡ് എന്‍ഡോഡോണ്‍ടിക്‌സ്, ദന്ത രോഗ വിഭാഗം, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, കുട്ടികളുടെ ദന്തരോഗ വിഭാഗം, സാമൂഹിക ദന്തരോഗ വിഭാഗം, ഓറല്‍ പത്തോളജി തുടങ്ങിയ  ഒമ്പത്  വിഭാഗങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ദിവസം രണ്ടു മണിക്കൂര്‍ തിയറി ക്ലാസുകളും ബാക്കി സമയം പ്രാക്ടിക്കൽ  ക്ലാസുകളും നടക്കും. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ക്വാര്‍ട്ടേഴ്‌സുകളും അടുത്ത ഘട്ടത്തില്‍ പൂര്‍ണ്ണമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

(പിആര്‍/എഎല്‍പി/1202)

date