Skip to main content

അതിഥി തൊഴിലാളികൾക്ക് വിദ്യാഭ്യാസ ജ്യോതി: മക്കൾക്ക്‌ ഇനി പഠിക്കാം സൗജന്യമായി

മുഖ്യമന്ത്രിയുടെ ജില്ലാ തല അവലോകന യോഗം 

 

 

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

 

"അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസു വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്. ഇത് നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കണo," മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു. 

 

സാംസ്കാരിക - വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.

 

സംസ്ഥാനത്തിൻ്റെ ആഭ്യന്തര വരുമാനത്തിൽ വലിയ വർദ്ധന ഉണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വരുമാനം 5.6 ലക്ഷം കോടിയിൽ നിന്ന് 13.11 ലക്ഷം കോടിയിലേക്ക് വർധിച്ചു. തനത് വരുമാനത്തിൽ 72.84 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തെ തനത് നികുതി വരുമാനം 47000 കോടിയിൽ നിന്ന് 81000 കോടി രൂപയായി വർധിപ്പിക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ ആകെ വരുമാനം 55000 കോടിയിൽ നിന്ന് 1.04 ലക്ഷം കോടിയായി വർധിച്ചു. ഇത് വിവിധ പ്രതിസന്ധികൾകിടയിലും പിടിച്ചു നിൽക്കാൻ സംസ്ഥാനത്തെ സഹായിച്ചു. 

 

അതേ സമയം സംസ്ഥാനത്തിൻ്റെ പൊതു കടം വർദ്ധിച്ചു വരുന്നു എന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്ന സ്ഥിതിയാണുള്ളത്. എന്നാൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞു വരുകയാണ് എന്നതാണ് യാഥാർത്ഥ്യം. 36 ശതമാനം എന്നതിൽ നിന്ന് 34 ശതമാനമായി പൊതുകടം കുറക്കാൻ കഴിഞ്ഞു. ഇനിയും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

സംസ്ഥാനത്തിൻ്റെ ചെലവ് വർധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ പങ്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 70 ശതമാനവും കേരളമാണ് വഹിക്കേണ്ടി വന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് 75 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ സംസ്ഥാനത്തിന് മാത്രം പ്രത്യേകമായി അനുഭവിക്കേണ്ടി വരുന്ന കാര്യമാണ്.

 

സംസ്ഥാനം വല്ലാതെ തകർച്ചയിലാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ തകർച്ചയല്ലാ, വളർച്ചയും ഉയർച്ചയുമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. റിസർവ്വ് ബാങ്കിൻ്റെ കണക്കുകകൾ പ്രകാരം 2016-ൽ സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം ആയിരുന്നു എങ്കിൽ ഇന്നത് 2.28 ലക്ഷമായി ഉയർന്നു. 

 

2016-ൽ സംസ്ഥാനത്ത് 640 ഐ.ടി കമ്പനികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നത് 1106 ആണ്. തൊഴിലാളികളുടെ എണ്ണം 28000-ത്തിൽ നിന്നും 1.48 ലക്ഷമായി വർധിച്ചു. ഐ.ടി കയറ്റുമതി 34123 കോടിയിൽ നിന്ന് 90000 കോടിയായി. സ്റ്റാർട്ടപ്പുകളുടെ എണ്ണം 3000-ത്തിൽ നിന്ന് 6300 ആയി വർധിച്ചു. ഇതുവഴി 5200 കോടി രൂപയുടെ നിക്ഷേപവും 60000-ത്തോളം തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. 2026-ഓടെ 15000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

 

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഒട്ടേറെ വലിയ കാര്യങ്ങൾ സ്ഥാപിക്കാൻ കേരളത്തിന് കഴിഞ്ഞു. ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഗ്രഫീൻ ഇന്നോവേഷൻ സെൻ്റർ, വാട്ടർ മെട്രോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവയെല്ലാം രാജ്യത്ത് ആദ്യമാണ്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, ജീനോം ഡാറ്റാ സെൻ്റർ, മെഡിക്കൽ സെൻ്റർ കൺസോർഷ്യം, നിർദ്ദിഷ്ട സയൻസ് പാർക്ക്, കേരളത്തിലെ മികവിൻ്റെ കേന്ദ്രങ്ങൾ എന്നിവയെല്ലാം കാണിക്കുന്നത് നമ്മുടെ നാട് ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. 

 

ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച 12 യൂണിവേഴ്സിറ്റികളിൽ മൂന്നെണ്ണം കേരളത്തിലാണ്. കേരള യൂണിവേഴ്സിറ്റി, കുസാറ്റ്, എം.ജി യൂണിവേഴ്സിറ്റി എന്നിവ യഥാക്രമം ഒമ്പത്, 10, 11 സ്ഥാനങ്ങൾ നേടി. 43-ാo സ്ഥാനത്താണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി. മികച്ച നൂറ് കോളേജുകളിൽ 16 എണ്ണവും കേരളത്തിൽ നിന്നുള്ളവയാണ്.

 

സോഫ്റ്റ് വെയർ രംഗത്ത് നേരത്തെ തന്നെ കേരളം മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ ഹാർഡ് വെയർ രംഗത്ത് കുതിക്കുകയാണ്. സോളാർ പാനൽ, ലിഥിയം ബാറ്ററി, ഹൈഡ്രജൻ ബാറ്ററി എന്നിവയിലെല്ലാം കേരളം ഒരുപാട് പുരോഗതി കൈവരിച്ചു. വ്യാവസായിക വളർച്ചയിലും വൻ നേട്ടമാണ് കൈവരിച്ചത്. 2016-ൽ 12 ശതമാനം ആയിരുന്നത് ഇന്ന് 17 ശതമാനമായി വർധിച്ചു. 

 നിർമ്മാണ മേഖലയിൽ ഒൻപതിൽ നിന്ന് 14 ശതമാനമായി ഉയർന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളമാണ് ഇന്ന് രാജ്യത്ത് ഒന്നാമത്. നിസാൻ, എയർബസ് തുടങ്ങിയ ലോകോത്തര കമ്പനികൾ നമ്മുടെ സംസ്ഥാനത്തിലേക്ക് കടന്നു വരാൻ ഒരുങ്ങുകയാണ്.

 

വികസന പ്രവർത്തനങ്ങളിൽ മാത്രമല്ല, ക്ഷേമപ്രവർത്തനങ്ങളിലും കേരളം മുൻപന്തിയിലാണ്. ഇന്ന് ഇന്ത്യയിൽ ദാരിദ്രവും വില വർധനവും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്താൻ കഴിഞ്ഞതാണ് പ്രധാന കാരണം. മുൻ സർക്കാരിൻ്റെ കാലത്ത് പൊതു വിതരണ രംഗത്തിനായി 5242 കോടി രൂപയായിരുന്നു മാറ്റിവെച്ചത്. എന്നാൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ മാറ്റിവെച്ചത് 10697 കോടി രൂപയാണ്. നാലേ കാൽ ലക്ഷം മുൻഗണനാ റേഷൻ കാർഡുകളാണ് ഇതിനോടകം നൽകിയത്.

 

നവംബർ ഒന്നോടെ അതിദാരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 64006 പേരെയായിരുന്നു സംസ്ഥാനത്ത് അതിദരിദ്രരായി കണക്കാക്കിയിരുന്നത്. ഇതിൽ 78 ശതമാനം പേരെയും അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞു. 

 

സംസ്ഥാനത്ത് 60 ലക്ഷത്തോളം പേരാണ് ഇന്ന് ക്ഷേമ പെൻഷൻ വാങ്ങുന്നത്. നേരത്തെ 600 രൂപ ആയിരുന്നു എങ്കിൽ നിലവിൽ 1600 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ലൈഫ് മിഷൻ വഴി 4.5 ലക്ഷം പേർക്ക് വീട് വെച്ച് നൽകാനും കഴിഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 3.57 ലക്ഷം പേർക്ക് പട്ടയം നൽകാനും സാധിച്ചു. നേരത്തെ 808 കോടിയായിരുന്നു ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകിയിരുന്നതെങ്കിൽ ഒമ്പത് വർഷം കൊണ്ട് 8500 കോടി രൂപയുടെ സഹായം നൽകാൻ കഴിഞ്ഞു. 

 

ആരോഗ്യ രംഗത്ത് 2016-ൽ 665 കോടിയായിരുന്നു ചിലവഴിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 2500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടച്ചു പൂട്ടാനിരുന്ന 1000 ലധികം സ്കൂളുകൾ 5000 കോടിയോളം രൂപ മുടക്കി നവീകരിച്ചു. നീതി ആയോഗിൻ്റെ സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി സൂചികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. 

 

അവലോകന യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ അനിൽ, പി. പ്രസാദ്, കെ.ബി ഗണേഷ് കുമാർ, എം.എൽ.എ മാരായ ആൻ്റണി ജോൺ, പി.വി ശ്രീനിജിൻ, കെ.ജെ മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ രാമചന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു എന്നിവർ പങ്കെടുത്തു.

date