Skip to main content

വികസന കുതിപ്പിന് ദിശാബോധം പകര്‍ന്ന് മേഖലാതല അവലോകന യോഗം

സാങ്കേതിക കുരുക്ക് അഴിച്ചു വികസനപദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും  മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള പാലക്കാട് മേഖലാ അവലോകന യോഗം. കൂടുതൽ വേഗത്തിലും കൂടുതൽ മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് യോഗം നൽകിയത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വികസന വിഷയങ്ങൾ താഴെ തട്ടിലേക്ക് ഇറങ്ങി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി മലമ്പുഴ കെ.പി.എം ട്രൈപെന്റ ഹോട്ടലിലാണ് മേഖലാ അവലോകന യോഗം സംഘടിപ്പിച്ചത്. വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികളുടെ കുരുക്കഴിക്കാനും നിലവില്‍ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും യോഗത്തില്‍ അതതു വകുപ്പ് സെക്രട്ടറിമാര്‍ വിലയിരുത്തി.
ജില്ലയിലെ 20 പ്രധാനപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. കുളമ്പക്കടവ് പാലം നിര്‍മാണം, തിരൂര്‍- കടലുണ്ടിക്കടവ് റോഡ് നവീകരണം, ഒരാടംപാലം – വൈലോങ്ങര ബൈപ്പാസ് നിര്‍മാണം, അഞ്ചുടി- കുണ്ടുങ്ങല്‍ പാലം, വാണിയമ്പലം- താളിയംകുണ്ട്- പൂളമണ്ണ റോഡ് പ്രവര്‍ത്തനാരംഭം, ഒരോടംപാലം- മാനത്തുമംഗലം ബൈപ്പാസ് നിര്‍മാണം, മലപ്പുറം താലൂക്ക് ആശുപത്രി നവീകരണം, വണ്ടൂര്‍ താലൂക്ക് ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം, മഞ്ചേരി മെഡ‍ിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍, നിലമ്പൂര്‍ ബൈപ്പാസ്, മലപ്പുറം റവന്യു ടവര്‍ നിര്‍മാണം, മലപ്പുറം കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണം- രണ്ടാം ഘട്ടം, മലപ്പുറം ആര്‍.ടി ഓഫീസസ് കെട്ടിട നിര്‍മാണം, മലപ്പുറം റവന്യു ടവര്‍ നിര്‍മാണം തുടങ്ങി വിവിധ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
മലപ്പുറം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിക്കാന്‍ അര്‍ഹരായവരില്‍  78% പേരുടെ (54641 പേര്‍) വീട് നിര്‍മാണം പൂര്‍ത്തീകരിച്ചതായും അടുത്ത മൂന്നു മാസത്തിനുള്ളില്‍ 79.55 ശതമാനമാക്കി പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം ഉയര്‍ത്തുമെന്നും യോഗത്തില്‍ അറിയിച്ചു.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മലപ്പുറം ജില്ലയില്‍ ആകെയുള്ള 392 റോഡുകളില്‍ 238 റോഡുകള്‍ക്ക് കരാര്‍ നല്‍കുകയും ഇതില്‍ 134 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കും.
നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍  മലപ്പുറം ജില്ലയില്‍ പുരോഗമിക്കുകയാണ്. ആകെ 8583 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 6990 കുടുംബങ്ങളെ (81%) അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇത് 8020 (94%) ആയി ഉയര്‍ത്തും. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 799 കുടുംബങ്ങളില്‍ 480 പേര്‍ക്ക് ഇതിനകം വീട് നിര്‍മിച്ചു നല്‍കി. ആഗസ്റ്റ് മാസത്തോടെ ഇത് 650 ആക്കി ഉയര്‍ത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 521കുടുംബങ്ങളില്‍ 99 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കി വീട് പൂര്‍ത്തീകരിച്ചു. ആഗസ്റ്റ് മാസത്തോടെ 422 കുടുംബങ്ങള്‍ക്ക് കൂടി വീടും വസ്തുവും ലഭ്യമാക്കും. പദ്ധതി പ്രകാരം പാര്‍പ്പിടം പുനരുദ്ധാരണം ആവശ്യമുള്ള ജില്ലയിലെ 975 കുടുംബങ്ങള്‍ക്ക് 734 പേരുടെ ഭവനപുനരുദ്ധാരണം പൂര്‍ത്തീരിച്ചു. ആഗസ്റ്റ് മാസത്തോടെ ഇത് 854 ആക്കി ഉയര്‍ത്തും.
ആർദ്രം പദ്ധതിയിൽ ജില്ലയില്‍ പരിവര്‍ത്തനത്തിനായി തിരത്തെടുത്ത 88 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 74 എണ്ണം  ഇതിനകം പൂർത്തീകരിച്ചു. മൂന്നുമാസത്തിനകം മൂന്ന് കേന്ദ്രങ്ങള്‍ കൂടി പൂർത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത 15 സ്ഥാപനങ്ങളിൽ നിന്ന് ഒമ്പതെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂർത്തീകരിച്ചു. ആഗസ്റ്റ് മാസത്തോടെ ഒരെണ്ണം കൂടി പൂർത്തീകരിക്കും. തിരഞ്ഞെടുത്ത ആറു പ്രധാന ആശുപത്രികളിൽ നാലെണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂർത്തീകരിച്ചു. മൂന്നു മാസത്തിനകം രണ്ടെണ്ണം കൂടി പൂർത്തീകരിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക് സംവിധാനം പ്രവര്‍ത്തന ക്ഷമമാണ്. മലപ്പുറം ജില്ലയില്‍ 114 ആരോഗ്യ സ്ഥാപനങ്ങളാണ് നിര്‍ണയ ലാബ് നെറ്റ് വര്‍ക്ക്- ഹബ് ആന്റ് സ്പോക്ക് ശൃംഖലയില്‍ സജ്ജമായത്. ആഗസ്റ്റ് മാസത്തോടെ പദ്ധതിക്കായി തിരഞ്ഞെടുത്ത എല്ലാ സ്ഥാപനങ്ങളും (116) ശൃംഖലയില്‍ സജ്ജമാക്കും.

വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യ വികസനത്തിന് തിരഞ്ഞെടുത്ത 167 വിദ്യാലയങ്ങളിൽ 90 എണ്ണം ഇതിനകം പൂർത്തീകരിച്ചു. പൂര്‍ത്തീകരിച്ചവയുടെ എണ്ണം ആഗസ്റ്റ് മാസത്തോടെ 108 ആയി ഉയര്‍ത്തും.
മാലിന്യമുക്ത കേരളത്തിൻറെ ഭാഗമായി മലപ്പുറം ജില്ലയില്‍ യൂസര്‍ ഫീ കളക്‍ഷന്‍ ആഗസ്റ്റ് മാസത്തോടെ 100 ശതമാനം കൈവരിക്കാനാവും. എം.സി.എഫ് ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ വിടവ് നികത്തുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയില്‍ ആഗസ്റ്റു മാസത്തോടെ മൂന്ന് കണ്ടെയിനര്‍ എം.സി.എഫുകള്‍ പൂര്‍ത്തീകരിക്കും. യൂസർ ഫീ ശേഖരണം  54.27 ശതമാനം ഇതുവരെ കൈവരിച്ചു. മൂന്നുമാസത്തിനകം 70 ശതമാനമായി ഉയർത്തും.
ഹരിതകേരളം മിഷന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജലബജറ്റ് ഇതു വരെ പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മാസത്തോടെ 43 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ജലബജറ്റ് പ്രസിദ്ധീകരിക്കും. ഇതു വരെ സ്ഥാപിച്ച 149 പച്ചത്തുരുത്തുകള്‍ക്കു പുറമെ 42 പച്ചത്തുരുത്തുകള്‍ കൂടി ആഗസ്റ്റ് മാസത്തോടെ ജില്ലയില്‍ സ്ഥാപിക്കും.

date