ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി ക്ഷീരവികസന വകുപ്പ്
ക്ഷീരവികസനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ക്ഷീരവികസന വകുപ്പ്. എന്റെ കേരളം പ്രദര്‍ശന മേളയിലെ സ്റ്റാളിലാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
കലാകാന്ത്, കാലാ ജാമുന്‍, ചം ചം, രസഗുള, ഛന്ന, ഛന്ന മാര്‍ഖി, മില്‍ക്ക് ചോക്ലേറ്റ് തുടങ്ങിയ കേട്ടുപരിചയമില്ലാത്ത പാലുല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് അറിയാനും പാചകക്കൂട്ട് മനസ്സിലാക്കാനും അവസരമുണ്ട്. നടുവട്ടം ക്ഷീര പരിശീലന കേന്ദ്രം മുഖേന നല്‍കുന്ന പരിശീലന പരിപാടികളുടെ വിവരങ്ങള്‍, ക്ഷീരശ്രീ പോര്‍ട്ടലും ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയും അറിയാനാകും.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭകരമായി ഫാമുകള്‍ എങ്ങനെ ഒരുക്കാമെന്നതിനെ കുറിച്ചും ക്ഷീര മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും സഹായകമാവുന്ന നിരവധി വിവരങ്ങളും സ്റ്റാളില്‍ നല്‍കുന്നുണ്ട്. കന്നുകാലികളുടെ ആഹാരക്രമം, തീറ്റക്രമം, പച്ചപ്പുല്‍ കൃഷി, കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തേണ്ട ധാന്യങ്ങളുടെ വിവരവും പ്രദര്‍ശനവും, അസോള നിര്‍മാണം തുടങ്ങി ക്ഷീര കര്‍ഷകന് അറിയേണ്ടതെല്ലാം പ്രദര്‍ശനത്തിലുണ്ട്.
- Log in to post comments