Skip to main content

ലഹരി, കുറ്റകൃത്യങ്ങൾക്കെതിരെ പ്രതിരോധം തീർത്ത് സാമൂഹ്യനീതി വകുപ്പ് സെമിനാർ

ലഹരി വ്യാപനം ഭയാനകമായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുള്ള ഹോട്ട് സ്പോർട്ടുകളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് പറഞ്ഞു. 'ലഹരിയും കുറ്റകൃത്യങ്ങളും - സാമൂഹ്യ പ്രതിരോധ പരിപാടികളിൽ യുവജന പങ്കാളിത്തം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

ലഹരി ഉപയോഗം സമൂഹത്തെ ദോഷകരമായി എങ്ങനെ ബാധിക്കുമെന്ന ആശയം ഉൾക്കൊണ്ട് ചേർത്തല എൻഎസ്എസ് കോളേജിലെ കുട്ടികൾ മൈം അവതരിപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. 
തിരുവനന്തപുരം എസ്എറ്റി മെഡിക്കൽ കോളേജ് മനോരോഗ വിദഗ്ദ്ധൻ ഡോ. ജയപ്രകാശ് വിഷയാവതരണം നടത്തി.  ജില്ലാ അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ റോബിൻ തോമസ് മോഡറേറ്ററായി. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബിൻ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യനീതി വകുപ്പ് സെൽ ഉദ്യോഗസ്ഥർ, വിവിധ കോളേജുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സോഷ്യൽ ജസ്റ്റിസ് കേഡറ്റുകൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സെമിനാറിനുശേഷം വേദിയിൽ ഭിന്നശേഷി പ്രതിഭകളുടെ കലാസന്ധ്യ 'അനുയാത്ര റിഥം: ഗാലക്സി ഓഫ് സ്റ്റാർസ് വിത്ത് ഡിഫറൻസ്' അരങ്ങേറി. വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി കലാകാരന്മാർ വേദിയിലെത്തി. ഫിഗർ ഷോ, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തം, സംഗീത വിസ്മയം തുടങ്ങിയവയാണ് റിഥം കാണികൾക്ക് സമ്മാനിച്ചത്.

date