ഈ തോക്ക് പൊട്ടുമോ ; കാണികളിൽ കൗതുകവും ആകാംക്ഷയും നിറച്ച് പോലീസ് സ്റ്റാൾ
സാറേ ഈ തോക്ക് കൊണ്ടൊന്നു വെടി വെച്ചു കാണിക്കാമോ? ആലപ്പുഴ എന്റെ കേരളം പ്രദർശന വിപണനമേളയിൽ കേരള പോലീസിന്റെ സ്റ്റാൾ സന്ദർശിച്ച ഒരു കുട്ടിക്കുറുമ്പന്റെ ആവശ്യമാണിത്. പോലീസ് മാമൻമാർ പിന്നെ ഒന്നും നോക്കിയില്ല ഓരോ തോക്കുകളായി ചൂണ്ടിക്കാണിച്ചിട്ട് അവയുടെ പേരുകളും അതിലിടുന്ന ബുള്ളറ്റുകളും മറ്റു പ്രത്യേകതകളുമെല്ലാം പറഞ്ഞ് നൽകി, തോക്കുകൾ തൊട്ടു നോക്കാനുള്ള അവസരവും കൊടുത്ത് അവനെ സന്തോഷത്തോടെ മടക്കി അയച്ചു. മുൻകാലങ്ങളിൽ പോലീസ് സേന ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മുതൽ അത്യാധുനിക യന്ത്രത്തോക്കുകളും മറ്റു സുരക്ഷ, പരിശോധന ഉപകരണങ്ങളും നേരിൽ കാണാനും മനസ്സിലാക്കാനും പറ്റിയാൽ ഒന്ന് തൊട്ടു നോക്കാനുമായി നിരവധി പേരാണ് മേളയിലെ പൊലിസ് സ്റ്റാളിലേക്ക് ദിവസവും എത്തുന്നത്.
ബോംബ് സ്ക്വാഡിന്റെ വിവിധതരം ഡിറ്റക്ടറുകൾ, ഫോറൻസിക് വിദ്യകൾ പരിചയപ്പെടുത്തുന്ന വിവിധ ക്രൈം ലൈറ്റുകൾ, കെമിക്കൽ പൗഡറുകൾ, പ്രൊട്ടക്ഷൻ ഗ്ലാസുകൾ, കെമിക്കൽ ലായനികൾ, വിരലടയാളങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങൾ അടങ്ങിയ ടൂൾ ബോക്സുകളും എല്ലാം സ്റ്റാളിൽ സജീവമാണ്. മേളയിൽ എത്തുന്നവർക്ക് ഫോറൻസിക് വിദ്യകൾ സാമ്പിളുകൾ ഉപയോഗിച്ച് വിശദീകരിച്ച് നൽകുന്ന ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും, സൈബർ സുരക്ഷ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥരും പോലീസ് സ്റ്റാളിലെ മുഖ്യ സവിശേഷതയാണ്.
- Log in to post comments