Skip to main content
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിലൊരുക്കിയ  എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ പൊലീസിന്റെ പവലിയനിൽ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ

നിർഭയം നടക്കാം, സ്വയരക്ഷ സ്വായത്തമാക്കാം

അക്രമത്തെ ചെറുക്കാനും സ്വയംരക്ഷാ വിദ്യകൾ പരിശീലിക്കാനും അവസരമൊരുക്കുന്ന കേരള പോലീസിന്റെ പവലിയൻ ശ്രദ്ധേയമാകുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു എന്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസ് പവലിയനിലാണ് 'നിർഭയ സ്വയംരക്ഷ പരിശീലനം' നേരിട്ടറിയാൻ അവസരം. 2012 ൽ ഡൽഹിയിൽ നടന്ന നിർഭയ കേസിന്റെ പശ്ചാത്തലത്തിലാണ് പരിശീലനത്തിന് ഈ പേര് നൽകിയത്. ആദ്യം പോലീസുകാർക്കും പിന്നീട് സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, താൽപര്യമുള്ള മറ്റ് ആളുകൾക്കും സ്വയം രക്ഷാ മാർഗങ്ങൾ പരിചയപ്പെടുത്തുന്നു. ശരീരത്തിലെ ശക്തിയുള്ള ഭാഗങ്ങൾ ആയുധമാക്കി അക്രമിയുടെ ദുർബല ഭാഗത്തേക്ക് പ്രഹരം ഏൽപ്പിക്കുന്ന മുറകൾ പവലിയനിലെത്തുന്ന കാണികൾക്ക് വിശദീകരിച്ചു നൽകും. 22 ലധികം പരിശീലന മുറകൾ ഇവിടെ നിന്നും മനസ്സിലാക്കാം.
സംസ്ഥാനത്ത് നിർഭയ സ്വയംരക്ഷാ പരിശീലനം സജീവമായി സംഘടിപ്പിക്കുന്നുണ്ട്. പത്ത് മുതൽ 60 വയസ്സ് വരെയുള്ള ആയോധനമുറ പഠിച്ചവർക്കും അല്ലാത്തവർക്കും ക്ലാസുകളിൽ പങ്കെടുക്കാം. ഏഴ് ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലനം. ഇതുകൂടാതെ, എ കെ 47, ടാർ, ഇൻസാസ്, എസ് എൽ ആർ, കാർബൈൻ, എം എസ് എൽ, പമ്പ് ആക്ഷൻ, പിസ്റ്റൽ, ഗ്ലോക്ക് പിസ്റ്റൽ, റിവോൾവർ, സ്റ്റൺ ഗൺ, എസ് എം ജി, ടി എം സി തുടങ്ങിയ ആയുധ ശേഖരങ്ങളും നാടൻ ബോംബ്, ഐസ്‌ക്രീം ബോംബ്, പൈപ്പ് ബോംബ്, സ്റ്റീൽ ബോംബ് തുടങ്ങിയ ബോംബുകളും ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ പോലുള്ള ബോംബ് സ്‌ക്വാഡ് ഉപകരണങ്ങൾ, ആശയവിനിമയം നടത്താനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ, പ്രാചീന കാലങ്ങളിൽ ഉപയോഗിച്ചിരുന്ന മോർസ് കീ മുതൽ ഇപ്പോഴത്തെ ഹൈ ബാൻഡ് സ്റ്റാറ്റിക് സെറ്റും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

date