തീപിടിച്ചാല്‍ കെടുത്തും മെഷീന്: അഗ്രോ ബോട്ട് മെഷീന് ശ്രദ്ധേയമാകുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ ശനിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത് ഒരു അഗ്രോ ബോട്ടാണ്. തീപിടുത്തം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ അവലംബിച്ചുകൊണ്ട് ഈ മെഷീനിന് തീ അണക്കാന്‍ സാധിക്കും എന്നാണ് ഇത് വികസിപ്പിച്ചെടുത്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷാമില്‍ പറയുന്നത്. വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാമില്‍. പ്ലേസ്റ്റോറില്‍ ഉള്ള 'ആര്‍ഡിനോ ' ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് മെഷീന് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ആദ്യം തന്നെ ഡൗണ്‍ലോഡ് ചെയ്ത് വെക്കണം. ഈ ആപ്ലിക്കേഷന്‍ ബ്ലൂടൂത്ത് വഴി മെഷിനുമായി കണക്ട് ചെയ്താണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. 360 ഡിഗ്രിയില്‍ തിരിഞ്ഞ് ഇത് വെള്ളം ചീറ്റി തീയണക്കുന്ന പ്രവര്‍ത്തന രീതിയാണിതിന്. തീപിടുത്ത സമയത്ത് തീയ്യണക്കാന്‍ ഉപയോഗിക്കാം എന്നതിനൊപ്പം തന്നെ കൃഷിയിടങ്ങളില്‍ ജലസേചനം നടത്താനും ഈ മെഷീന് ഉപകാരപ്പെടും.
- Log in to post comments