Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള-സമാപനം നാളെ (മെയ് 13) സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി ഒരാഴ്ചയായി മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന മെഗാമേളയ്ക്ക് നാളെ (മെയ് 13) തിരശ്ശീല വീഴും. സമാപന സമ്മേളനം നാളെ (മെയ് 13) വൈകുന്നേരം അഞ്ചിന് കായിക,ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പു മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

 

കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് പതിനായിരങ്ങളാണ് മേളയിലേക്ക് ഒഴുകിയെത്തിയത്. പ്രദര്‍ശന സ്റ്റാളുകളിലും കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ടിലും കലാപരിപാടികൾക്കും വന്‍തിരക്കാണ് എല്ലാ ദിവസവും അനുഭവപ്പെട്ടത്. അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മേളയിലെ കലാപരിപാടികള്‍ ഒരു ദിവസം നിര്‍ത്തിവെച്ചെങ്കിലും ഒട്ടും ആവേശം ചോരാതെയാണ് സന്ദര്‍ശകര്‍ പ്രദർശന നഗരിയിലേക്ക് ഒഴുകിയെത്തിയത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെ മുതല്‍ (ഞായറാഴ്ച) പുനരാരംഭിച്ച കലാസാംസ്‌കാരിക പരിപാടികളില്‍ കാണികള്‍ ആവേശപൂര്‍വം പങ്കെടുത്തു. 

 

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നില്‍ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ ഇ ഡി വാളുകളില്‍ തത്സമയ പ്രദര്‍ശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും സ്റ്റാളുകളില്‍ ഒരുക്കിയിരുന്നു. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നതുമാണ് എന്റെ കേരളം മെഗാ എക്സിബിഷന്‍.

 

മികച്ച സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങളും മേളയുടെ മികച്ച വാര്‍ത്താ കവറേജിനുള്ള പുരസ്‌കാരങ്ങളും സമാപന സമ്മേളനത്തില്‍ നല്‍കും. മേളയുടെ പ്രചാരണാര്‍ഥം നടത്തിയ സെല്‍ഫി, റീല്‍സ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും. 

 

ജില്ലയിൽ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച മുഖ്യമന്ത്രിയുടെ ജില്ലതല യോഗം മെയ്‌ 21ന് റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.

 

*മേളയില്‍ ഇന്ന് (മെയ് 12)*

 

വൈകീട്ട് ഏഴിന് കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. സമാപന ദിവസമായ നാളെ (മെയ് 13) രാവിലെ 10 ന് വ്യവസായ വകുപ്പിൻ്റെ ബാങ്കേഴ്സ് മീറ്റും വൈകീട്ട് 5 ന് സമാപന സമ്മേളനവും 7 ന് പ്രസീത ചാലക്കുടിയുടെ മെഗാ മ്യൂസിക്കല്‍ നൈറ്റും നടക്കും.

 

date