Skip to main content

അവധിക്കാലം വെറുതെ കളയണ്ട, കോട്ടക്കുന്നിൽ എത്തിയാൽ വായിക്കാൻ പുസ്തകവുമായി മടങ്ങാം

കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് സ്റ്റാൾ ശ്രദ്ധ നേടുകയാണ്. പ്രദർശനം കാണാൻ എത്തുന്നവർ ഒരു പുസ്തകമെങ്കിലും വാങ്ങാതിരിക്കുന്നില്ല. സോഷ്യൽ മീഡിയയുടെ അതിപ്രസരം വായനയെ തളർത്തി എന്ന് കരുതുന്നത് വെറുതെയാണ്. ബുക്ക്‌സ്റ്റോളിലെ അഖിൽ ധർമ്മജന്റെ പ്രശസ്ത നോവലായ 'റാം c/o ആനന്ദി', 'രാത്രി 12ന് ശേഷം', നഫീസ് കലയത്തിന്റെ 'ഖദീജ', അഞ്ചൽ താജിന്റെ 'ഇസ്‌നേഹം' എന്നീ പുസ്തകങ്ങളൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പ്രായം ചെന്നവർ മാത്രമല്ല യുവാക്കളും പുസ്തകം വാങ്ങുന്നുണ്ടെന്നാണ് സ്റ്റാളിൽ വിപണിയെ നിയന്ത്രിക്കുന്ന അയ്യൂബും ആദം അലിയും പറയുന്നത്. ഷംസുദ്ദീൻ മുബാറക്കിന്റെ 'മലപ്പുറം മനസ്സ് 'എന്ന പുസ്തകവും മുഖ്താർ ഉദരംപൊയിലിന്റെ 'ഉസ്താദ് എംബാപ്പെ' എന്ന പുസ്തകവും നിരവധി ആളുകൾ അന്വേഷിച്ചുത്തുന്നുണ്ട്. കൂടാതെ സ്റ്റാളിൽ ഇല്ലാത്ത പുസ്തകങ്ങൾ തപാൽ വഴി ആവശ്യക്കാരുടെ വീട്ടിൽ എത്തിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്. മേളയിൽ എല്ലാ പുസ്തകങ്ങൾക്കും 10% ഡിസ്‌കൗണ്ടിലാണ്   വിൽപ്പന നടത്തിയിരിക്കുന്നത്. കൂടാതെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇറക്കുന്ന പുസ്തകങ്ങൾക്ക് 40% ത്തോളം വിലക്കിഴിവും ഇവിടെ നൽകുന്നുണ്ട്. 'കേരളം കാലഘട്ടങ്ങളിലൂടെ', 'തമസോമാ ജ്യോതിർ ഗമയ -ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്', 'ജി പി പിള്ള മഹാത്മാഗാന്ധിക്ക് മാർഗ്ഗദർശിയായ മലയാളി ' തുടങ്ങി പ്രശസ്തങ്ങളായ 16 ഓളം പുസ്തകങ്ങളാണ്  ഇൻഫർമേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വിലക്കിഴിവിൽ  വിപണിയിൽ എത്തിച്ചിരിക്കുന്നത്.

date