Skip to main content

ഇടുക്കി ഡാമിന്റെ മുകളിൽ നിന്നൊരു കിടിലൻ വ്യൂ കാണണോ., കോട്ടക്കുന്നിൽ ഇന്ന് കൂടി അവസരമുണ്ട്

ഇടുക്കി ഡാമിന്റെ മുകളിൽ നിന്നും നോക്കിയാൽ എങ്ങനെ ഉണ്ടാവും? അതും മികച്ച 360 ഡിഗ്രി കാഴ്ച്ചയിൽ. ഇടയ്‌ക്കൊന്ന് ബോട്ടിൽ കയറി ഡാമിലൂടെ സഞ്ചരിക്കുകയും ചെയ്യാം. ഇടുക്കിയിൽ പോകാതെ തന്നെ അണക്കെട്ട് കാണാൻ അവസരമൊരുക്കുകയാണ് കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിലെ കെ.എസ്.ഇ.ബി സ്റ്റാൾ. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിലൂടെ സഞ്ചരിച്ച് കാഴ്ച്ചകൾ കാണാൻ അവസരം ഒരുക്കിയിട്ടുള്ളത്. കുറവൻ -കുറത്തി മലകൾക്കിടയിൽ പെരിയാറിനു കുറുകെ 555 അടി ഉയരത്തിൽ നിർമ്മിച്ച അണക്കെട്ടിന്റെ മുകൾഭാഗം മുതൽ അണക്കെട്ട്, വൃഷ്ടി പ്രദേശം, ജലവൈദ്യുത പദ്ധതി തുടങ്ങിയവ കണ്ടും കേട്ടും മനസ്സിലാക്കാം. ഡാമിന്റെ മുകൾ കാഴ്ചയിൽ കാലൊന്ന് തെന്നിയാൽ താഴെ വീഴുമെന്ന തോന്നലും ദൂരെ കാഴ്ചകളും ഡാമിന്റെ തൊട്ട് താഴെ നിന്നുള്ള മുകൾ കാഴ്ചയും സന്ദർശകർക്ക് വേറിട്ട അനുഭവം ആവും. നാല് മിനിറ്റുള്ള വീഡിയോയിൽ ഡാമിനെ കുറിച്ചുള്ള വിവരണങ്ങളും വൈദ്യുതി ഉൽപാദനവും സ്ഥലങ്ങൾ വിശദീകരിച്ച് നൽകുന്നതിന്  ഓഡിയോ സഹായവുമുണ്ട്. ഡാമിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വീഡിയോയിൽ സാധാരണക്കാർക്ക് നേരിട്ട് പ്രവേശനമില്ലാത്ത ജനറേറ്റർ റൂം, കൺട്രോൾ റൂം, ചെറുതോണി അണക്കെട്ട്, മൂലമറ്റം വൈദ്യുതി നിലയം, ബോട്ട് യാത്ര എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.   അണക്കെട്ടുകളെ കുറച്ച് ജനങ്ങൾക്കുള്ള കൗതുകം കണക്കിലെടുത്താണ് കെ.എസ്.ഇ.ബി ഇത്തരമൊരു വെർച്വൽ റിയാലിറ്റി സ്റ്റാളിൽ സജീകരിച്ചിരിക്കുന്നത്. രണ്ട് വി.ആർ ഹെഡ്‌സെറ്റുകളാണ് സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി തന്നെ നിർമ്മിച്ച വീഡിയോയാണ് പ്രദർശിപ്പിക്കുന്നത്. അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഡാമിന്റെ ഉള്ളറകളിലെ കാഴ്ചകൾ തീർച്ചയായും സന്ദർശകർക്ക് മുതൽക്കൂട്ടാണ്.

 

date