ഉദയനാപുരത്ത് രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ കൂടി ഒരുങ്ങി
ഉദയാനാപുരം ഗ്രാമപഞ്ചായത്തിൽ രണ്ട് ആരോഗ്യക്ഷേമ കേന്ദ്രങ്ങൾ(ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ) കൂടി ഒരുങ്ങി. ആറാം വാർഡിലെ വൈക്കപ്രയാർ ഈസ്റ്റിലും ഒൻപതാം വാർഡിലെ ചെട്ടിമംഗലത്തുമാണ് സെന്ററുകൾ നിർമിക്കുന്നത്.
വൈക്കപ്രയാർ ഈസ്റ്റിലെ സെന്റർ നിർമാണം പൂർത്തിയായി. ചെട്ടിമംഗലത്തേതിന്റെ പെയിന്റിംഗ് ജോലികൾ കൂടി തീരാനുണ്ട്. ആരോഗ്യ ഗ്രാന്റ്് ഫണ്ടിൽനിന്നുള്ള 27.75 ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചത്.
1190 ചതുരശ്ര അടിയിൽ അഞ്ചര സെന്റ് സ്ഥലത്താണ് നിർമാണം. ലാബ്, കൺസൾട്ടേഷൻ മുറി, കുത്തിവെപ്പ് , വെൽനസ്സ് റൂം, വസ്ത്രം മാറാനുള്ള മുറി, മുലയൂട്ടൽ കേന്ദ്രം, ശൗചാലയം എന്നി സൗകര്യങ്ങളെല്ലാം സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും ബാക്കി ദിവസങ്ങളിൽ പബ്ലിക് ഹെൽത്ത് നഴ്സ്, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനവും ഉണ്ടാവും. കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പ് ഉൾപ്പെടെ ജനങ്ങൾക്ക് പ്രാഥമിക ചികിത്സ തൊട്ടടുത്ത് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെൽനസ്സ് സെന്ററുകൾ നിർമിച്ചിരിക്കുന്നത്. മൊത്തം നാല് വെൽനസ്സ് സെന്ററുകളാണ് ഉദയനാപുരം പഞ്ചായത്തിലുള്ളത്. ഇതിനുപുറമേ
മൂന്ന് ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനവുമായി കുടുംബാരോഗ്യ കേന്ദ്രവും വല്ലകത്തെ പഞ്ചായത്തോഫീസിനു സമീപം പ്രവർത്തിക്കുന്നുണ്ട്.
2023 ൽ സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന സ്കോറായ 97 ശതമാനം നേടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം നേടിയ കുടുംബാരോഗ്യ കേന്ദ്രമാണ് ഉദയനാപുരത്തേത്.
പ്രദേശവാസികൾക്ക് പ്രാഥമിക ചികിത്സ വീടീനുസമീപം ലഭ്യമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.
- Log in to post comments