ലക്ഷ്യം കൈവരിച്ച് ലക്ഷ്യ
* പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത ജോലികളിൽ വഴികാട്ടി
രണ്ടു പേർ സിവിൽ സർവീസിൽ, ഒരാൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ. സംസ്ഥാനത്തെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ നേട്ടമാണിത്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ ആറു പേർ കെ. എ. എസ് പ്രിലിമിനറിയും മെയിൻസും പാസായിരുന്നു. എന്നാൽ ഇന്റർവ്യൂ എന്ന കടമ്പയിൽ തട്ടി വീണു. അല്ലായിരുന്നെങ്കിൽ ലക്ഷ്യയുടെ തിളക്കം കൂടിയേനെ.
2019ലാണ് ലക്ഷ്യ എന്ന് പേരിട്ട് പദ്ധതി തുടങ്ങിയത്. രാജ്യത്തിന്റെ ഭരണ നിർവഹണ തലത്തിലേക്ക് പട്ടികജാതി വിഭാഗത്തിലെ മിടുക്കരായ വിദ്യാർത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്.
2025ൽ സിവിൽ സർവീസിൽ 835 ആം റാങ്ക് നേടിയ ജി കിരണും 2024 ൽ ഇന്ത്യൻ റവന്യൂ സർവീസ് നേടിയ രവീൻ കെ മനോഹരനും ആണ് ലക്ഷ്യ സഹായത്തോടെ സിവിൽ സർവീസിലെത്തിയത്. കെ. എ. എസ് വിജയിച്ച ടി. ജയൻ പൊതുമരാമത്ത് വകുപ്പിൽ (റോഡ്സ്) ഫിനാൻസ് ഓഫീസറായി പ്രവർത്തിക്കുന്നു. 240 പരീക്ഷാർത്ഥികൾക്ക് ഇതുവരെ 4,04,56,115 രൂപ സ്കോളർഷിപ്പ് ലക്ഷ്യയിലൂടെ അനുവദിച്ചു. നിലവിൽ 60 പേരുടെ ബാച്ച് പരിശീലനത്തിലാണ്.
ലക്ഷ്യ സ്കോളർഷിപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ മികച്ച സ്ഥാപനങ്ങളിലാണ് പരിശീലനം നേടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്) നടത്തുന്ന എൻട്രൻസ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ പരിശീലനത്തിനായി തെരഞ്ഞെടുക്കുക. സംസ്ഥാനത്തിനു പുറത്തും പരിശീലനം നേടുന്നതിന് അവസരമുണ്ട്.
ഒരു വർഷം 60 പേർക്കാണ് പരിശീലനം. ഇതിൽ 50 പേർക്ക് കേരളത്തിൽ അവർ താൽപര്യപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശീലനം നൽകും. 10 പേർക്ക് കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലാണ് പരിശീലനം. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിലെ ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളായ വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി വിഭാഗങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്.
പരിശീലനം നടത്തുന്നതിനുള്ള ആനുകൂല്യങ്ങൾ യഥാർത്ഥ ചെലവുകൾക്ക് വിധേയമായി നൽകും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി പ്രിൻസിപ്പലിന്റെ പരിശോധനയുടേയും പഠന പുരോഗതി വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുക.
കോഴ്സ് ഫീസിനത്തിൽ പരമാവധി 1 ലക്ഷം രൂപ, പ്രതിമാസം 7500 രൂപ ഹോസ്റ്റൽ ഫീസ്, പ്രതിമാസം 1500 രൂപ പോക്കറ്റ് മണി, 5000 രൂപ ബുക്ക് കിറ്റ് അലവൻസ്, പതിനായിരം രൂപ വീതം പ്രിലിംസ്, മെയിൻസ് എഴുത്തു പരീക്ഷ പരിശീലനത്തിന് - എന്ന രീതിയിലാണ് സ്കോളർഷിപ്പ് തുക സംസ്ഥാനത്തിനുള്ളിൽ പരിശീലനത്തിന് നൽകുന്നത്. കേരളത്തിന് പുറത്തുള്ള പരിശീലനത്തിന് കോഴ്സ് ഫീസിനത്തിൽ പരമാവധി ഒന്നര ലക്ഷം രൂപ, പ്രതിമാസം പതിനായിരം രൂപ ഹോസ്റ്റൽ ഫീസ്, പ്രതിമാസം 1500 രൂപ പോക്കറ്റ് മണി, 5000 രൂപ ബുക്ക് കിറ്റ് അലവൻസ്, പതിനായിരം രൂപ വീതം പ്രിലിംസ്, മെയിൻസ് എഴുത്തു പരീക്ഷ സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കും.
അംഗീകൃത സർവകലാശാല ബിരുദമാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.icsets.org വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.
പി.എൻ.എക്സ് 2007/2025
- Log in to post comments