എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം വികസനത്തിന് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനം: പി. നന്ദകുമാർ എം.എൽ.എ
സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്ന ഈ ആധുനിക കാലത്ത് സർക്കാറിന്റെ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ഇത്തരത്തിലുള്ള മേളകൾ ഏറെ സഹായകരമാണ്. എല്ലാ വകുപ്പുകളും അവരുടേതായ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ മത്സരിച്ചു. ഇനിയും നമുക്ക് ഒരുപാട് മുന്നേറാനുണ്ടെന്നും അതിന് കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ജില്ലാ കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. മികച്ച സ്റ്റാളുകൾക്കും മാധ്യമപ്രവർത്തകർക്കും പരിപാടിയുടെ പ്രചരാർഥം നടത്തിയ സെൽഫി-റീൽസ് മത്സര വിജയികൾക്കുമുള്ള ഉപഹാര സമർപ്പണം പി.നന്ദകുമാർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ വിനോദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. എ.എസ്.പി ഫിറോസ് എം ഷഫീഖ്, എ.ഡി.എം എൻ.എം മെഹറലി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ ആൻഡ് പി.ആർ.ഡി അസിസ്റ്റൻറ് എഡിറ്റർ ഐ.ആർ പ്രസാദ് നന്ദിയും പറഞ്ഞു.
പോരാട്ടങ്ങളുടെ വേദിയായ മലപ്പുറം കോട്ടക്കുന്നിന്റെ മണ്ണിൽ ഏഴു ദിനം നീണ്ടുനിന്ന സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദർശന വിപണന മേള കാണാൻ നിരവധി പേരാണ് എത്തിയത്. സംസ്ഥാന സർക്കാരിന്റെ 90 ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു മേളയുടെ സംഘാടനം.
രണ്ട് എസി ഹാംഗറുകളും ഒരു നോൺ എസി ഹാംഗറുമടക്കം ആകെ 45,192 ച. അടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് പരിപാടിക്കായി ഒരുക്കിയിരുന്നത്.
കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേള നവ്യാനുഭവമായി. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിച്ചത്. എൽ ഇ ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയുടെ മാറ്റ് കൂട്ടി.
90 ഓളം സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ഓളം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ച. അടിയിൽ പി.ആർ.ഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐ.ടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോൺ, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം ശീതീകരിച്ച പന്തലിനകത്ത് സജ്ജമാക്കിയിരുന്നു. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ സെമിനാറുകളും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടന്നു.
മേളയുടെ അവസാന ദിവസമായ ഇന്നലെ (മെയ് 13) രാവിലെ പത്തിന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് നടത്തി. ഉച്ചയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും നടന്നു. സമാപന ചടങ്ങിന് ശേഷം പ്രസീത ചാലക്കുടിയും സംഘവും നടത്തിയ മ്യൂസിക്കൽ നൈറ്റ് അരങ്ങിലെത്തി.
- Log in to post comments