പാര്‍പ്പിട പദ്ധതികളുടെ പൂര്‍ത്തീകരണം:61 തദ്ദേശ സ്ഥാപനങ്ങളെ ചൊവ്വാഴ്ച മന്ത്രി ആദരിക്കും
ലൈഫ്, പി എം എ വൈ പാര്‍പ്പിട പദ്ധതികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മനസ്സോടിത്തിരി മണ്ണിന്റെ ഭാഗമായി ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ എന്നിവരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആദരിക്കുന്നു. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് പരിപാടി. ജില്ലയിലെ പദ്ധതി പൂര്‍ത്തിയാക്കിയ 61 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ആദരവ് ഏറ്റുവാങ്ങുന്നത്. ജില്ലയിലെ ലൈഫ് മിഷന്, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതികള്‍ വഴി 25307 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 21328 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 3979 വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇതിനായി 853 കോടി രൂപയാണ് ആകെ ചെലവ്. ജില്ലയിലെ 61 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 17899 ഭൂമിയുള്ള ഭവന രഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ച 14684 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 400 സെന്റ് ഭൂമിയാണ് ലഭിച്ചത്. ഇതില്‍ 176 സെന്റ് ഭൂമിയുടെ രജിസ്ട്രഷന് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിവിധ പാര്‍പ്പിട പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഭവനരഹിതരായ ആളുകള്‍ക്ക് ഭവനം നിര്‍മിച്ചു നല്കുന്നതില് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് കെ.വി സുമേഷ് എംഎല്‍എ പരിപാടി സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്ന വാര്‍ഡ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെയും എംഎല്‍എ അഭിനന്ദിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. ശ്രീധരന്, ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി വിനോദ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments