ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്
ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും.
ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും.
പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.
- Log in to post comments