എന്റെ കേരളം; ചൊവ്വാഴ്ച മാഹി നാടകപ്പുരയുടെ 'ഒരു പാലസ്തീന് കോമാളി അരങ്ങേറും'
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആറാം ദിവസമായ ചൊവ്വാഴ്ച കലാസന്ധ്യയില്‍ അമച്വര്‍ നാടക രംഗത്തെ അതികായരായ മാഹി നാടകപ്പുരയുടെ ഒരു പാലസ്തീന് കോമാളി വൈകുന്നേരം 5.15 ന് അരങ്ങേറും. മത രാഷ്ട്രീയ അധികാര ദുരകള്‍ ലോകത്തെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവെറികളുടെ ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന നാടകത്തിന് വര്‍ത്തമാന കാലത്ത് ഏറെ പ്രാധാന്യമുണ്ട്.
റാസയുടെ റൂഹ് രംഗ് മെഹ്ഫില്‍
ഓമലാളെ നിന്നെയോര്‍ത്ത് എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാസയുടെ ഗസല്‍ വിരുന്ന് റൂഹ് രംഗ് മെഹ്ഫില്‍ രാത്രി ഏഴിന് അരങ്ങിലെത്തും.
രാവിലെ പത്ത് മണിക്ക് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ 'ജല ഹര്‍ഷം 2025' സെമിനാര്‍ നടക്കും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായ മത്സരങ്ങള്‍, ജലവുമായി ബന്ധപ്പെട്ട ചോദ്യോത്തര വേള എന്നിവയും നടക്കും. സ്റ്റാളിലെത്തുന്നവര്‍ക്ക് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് മത്സരങ്ങളില്‍ പങ്കാളികളാവാം. 3.45, 5.30 സമയങ്ങളില്‍ കൗതുകമുണര്‍ത്തുന്ന 75 മിനിറ്റ് ദൈര്‍ഘ്യമുള്ള ജലമുദ്ര തിയേറ്റര്‍ ഷോയും ഉണ്ടാകും. രാവിലെ 11.30 ന് 'സിവില്‍ സര്‍വീസ് പരീക്ഷ അറിയേണ്ടതെല്ലാം' വിഷയത്തില്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സെമിനാര്‍ അക്കാദമിയുടെ കല്യാശ്ശേരി കോ ഓര്‍ഡിനേറ്റര്‍ കെ. ശിവകുമാര്‍ കൈകാര്യം ചെയ്യും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഉച്ചയ്ക്ക് 1.30 ന് പേരാവൂര്‍ കുടുംബശ്രീയുടെയുടെ കലാപരിപാടികള്‍, രണ്ട് മണിക്ക് കുണിയന്‍ പറമ്പത്ത് സംഘത്തിന്റെ പൂരക്കളി, വൈകീട്ട് 4.30 ന് ശ്രീവിദ്യ പ്രശാന്തിന്റെയും സംഘത്തിന്റെയും ഭാരത നാട്യം, എന്നിവ വേദിയിലെത്തും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
- Log in to post comments