Skip to main content

കണക്ടാവാം ഫുള്‍ റേഞ്ചില്‍; 'എന്റെ കേരളത്തില്‍' തിരക്കേറി കെ ഫോണ്‍ സ്റ്റാള്‍

സാങ്കേതിക സൗകര്യങ്ങളുടെ ഗുണഫലങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരണമെന്ന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടാണ് കെ-ഫോണിലൂടെ തെളിഞ്ഞുകാണുന്നത്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്തിന്റെ അനിവാര്യമായ മുന്നേറ്റമാണത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ സജ്ജമാക്കിയ കെ-ഫോണ്‍ സ്റ്റാളില്‍ കണ്ണൂര്‍ ജില്ലയില്‍ നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ചും കണക്ഷന്‍ വിവരങ്ങളെക്കുറിച്ചും നേരിട്ടറിയാം. ആവശ്യമായ രേഖകള്‍ കൊണ്ടുവന്നാല്‍ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, കെഎസ്ഇബി കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കാം. 

സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ മുഖേന നല്‍കിവരുന്നുണ്ട്. ഇതിനുപുറമെആദിവാസി മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന 'കണക്ടിങ് ദ അണ്‍ കണക്ടഡ്' പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പാക്കിവരുന്നുണ്ട്.കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉറപ്പുനല്‍കുന്നത്. അതുവഴി അതിവേഗ ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ്കണക്ഷന്‍ 30,000 ത്തിലധികം ഓഫീസുകളില്‍ നല്‍കിയിട്ടുണ്ട്. പദ്ധതിവഴി സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും.

date