പോരാട്ടത്തിന്റെ ശബ്ദമായി അനിഷ
ജീവിത പ്രതിസന്ധികളെ ചവിട്ടുപടികളാക്കി മുന്നേറുന്ന അനിഷയ്ക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുണ്ടായിരുന്നത് ഭിന്നശേഷി വിഭാഗത്തിന് ലഭ്യമാക്കേണ്ട വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ച് മാത്രമായിരുന്നു. പരിശോധിച്ച് ആവശ്യമായ നടപടികൾ എടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് വിഷയം പരിഗണിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് അനിഷയുടെ സ്വപ്നങ്ങൾക്ക് കരുത്താവുകയാണ്. മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്നം ചെയ്യുകയാണ് അനിഷ അഷറഫ്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പ്രത്യേക അനുമതി വാങ്ങി വീട്ടിൽ ഇരുന്ന് എഴുതി മികച്ച വിജയം നേടി. ആഗ്രഹങ്ങളെ പ്രതിസന്ധിയുടെ നൂൽക്കെട്ടുകൊണ്ട് വലിഞ്ഞു മുറുകാൻ അനുവദിക്കാതെ നടത്തുന്ന പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് അനിഷയ്ക്ക് മറ്റുള്ളവരോട് പങ്കുവയ്ക്കാനുള്ളത്. പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അനിഷയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് വീട്ടിലിരുന്ന് എഴുതുന്നതിനുള്ള അനുമതി നൽകണമെന്നാണ് സർക്കാരിനോടുള്ള അപേക്ഷ. ഇന്ന് സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാണ്. ഇന്നായിരുന്നു തന്റെ വിദ്യാഭ്യാസ കാലഘട്ടമെങ്കിൽ ഉന്നത വിദ്യാഭ്യാസമുൾപ്പടെ പ്രതിസന്ധികളില്ലാതെ നേടാനാകുമായിരുന്നെന്നും അനിഷ പങ്കുവെച്ചു. എന്നാൽ മുൻകാലങ്ങളിൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തിയ, തുടർപഠനത്തിന് താല്പര്യമുള്ള ഭിന്നശേഷിക്കാരായവരുടെ ശബ്ദമാവുകയായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ അനിഷ.
2023 ൽ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് മികച്ച മാതൃകാ വ്യക്തി പുരസ്കാരം അനിഷ അഷ്റഫിനെ തേടിയെത്തിയിട്ടുണ്ട്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനിഷയ്ക്ക് രോഗം പിടിപെടുന്നത്. അഞ്ചാം ക്ലാസ് ജയിച്ചിട്ടും രോഗത്തെ തുടര്‍ന്ന് ആറാം ക്ലാസിലേക്ക് പോകാനായില്ല. 22 വര്‍ഷത്തിനപ്പുറമാണ് സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള ഏഴാം തരം തുല്യതാ പരീക്ഷ സ്വന്തം വീട്ടിലിരുന്ന് എഴുതിയത്. ഇടം ഡിജിറ്റല്‍ മാഗസിനന്റെ മുൻ ചീഫ് എഡിറ്ററും, ഇടം പ്രോജക്ട് കോഡിനേറ്ററുമായിരുന്ന അനിഷ, എഴുത്തുകാരി, ഫാൻസി ആഭരണ നിർമ്മാണം, ചിത്രരചന എന്നീ മേഖലകളിലെല്ലാം തിളങ്ങി നിൽക്കുന്നു. പഠിച്ച് ആരാകണം എന്ന ചോദ്യത്തിന് നല്ലൊരു എഴുത്തുകാരി, അതിനപ്പുറത്തേക്ക് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ഭിന്നശേഷിക്കാരായവര്‍ക്ക് ഒരു പ്രചോദനവുമാകണമെന്നാണ് അനിഷയുടെ സ്വപ്നം.
- Log in to post comments