അറിയിപ്പുകള്
ഗതാഗത നിയന്ത്രണം
കോഴിക്കോട് ഫ്രാന്‍സിസ് റോഡ്-കോന്തനാരി റോഡില്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 16) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊക്കുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ ഇതേ റോഡിലൂടെയും മാങ്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കല്പക തിയേറ്റര്‍-കുളങ്ങര പീടിക റോഡ് വഴിയും പോകണം.
ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ്വെയറില് (ലിങ്ക്: https://services.unorganisedwssb.org/index.php/home) എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന് ഡാറ്റ പരിശോധിച്ച് വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യുകയും വേണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ക്ഷേമനിധി പദ്ധതി നിഷ്കര്‍ഷിക്കുന്ന എല്ലാ രേഖകളും സഹിതമാകണം അപ്ഡേഷന് നടത്തേണ്ടതെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ജൂലൈ 31 വരെയാണ് അപ്ഡേഷന് അവസരം. ഫോണ്‍: 0495 2378480.
സൗജന്യ കെ-മാറ്റ് പരിശീലനം
മെയ് 31ന് നടക്കുന്ന എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: https://forms.gle/c7fWbevnSHDYFrhn8 . ഫോണ്‍: 8548618290, 9496366741.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ താല്ക്കാലികാടിസ്ഥാനത്തില് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്. അഭിമുഖം മെയ് 19ന് രാവിലെ 10ന് സിവില്‍ സ്റ്റേഷന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 -2370494.
അംഗത്വം പുനഃസ്ഥാപിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ സ്കാറ്റേഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത, അഞ്ച് വര്‍ഷത്തില്‍ താഴെ വിഹിതമടവില്‍ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് മെയ് 31 വരെ പിഴപ്പലിശ സഹിതം വിഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ കമ്മിറ്റി ചെയര്മാന് അറിയിച്ചു. ഫോണ്‍: 04952366380, 9946001747.
ജോബ് ഡ്രൈവ് നാളെ
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (മെയ് 17) രാവിലെ 10.30ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ടെലികോളര്‍, ഫീല്‍ഡ് ഓപറേഷന് എക്സിക്യൂട്ടീവ്, എച്ച്ആര്‍ എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, ടെക്നീഷ്യന് തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക. പ്ലസ് ടു, ഡിഗ്രി, എംബിഎ, ഡിപ്ലോമ/ഐടിഐ (മെക്കാനിക്കല്‍) എന്നിവയില്‍ ഏതെങ്കിലും യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന് നടത്തിയും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2370176 നമ്പറില്‍ ബന്ധപ്പെടാം.
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ട്ട്ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.
ഗസ്റ്റ് അധ്യാപക നിയമനം
ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും രണ്ട് പകര്‍പ്പുകളുമായി കൂടിക്കാഴ്ചക്കെത്തണം.
തീയതി, സമയം, വിഷയം എന്നീ ക്രമത്തില്‍: മെയ് 19 രാവിലെ 10.00 -മലയാളം, ഉച്ച 1.00 -മാത്തമാറ്റിക്സ്, 20ന് രാവിലെ 10.00 -കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ച 2.00 -കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 21ന് രാവിലെ 10.00 -കൊമേഴ്സ്, 24ന് രാവിലെ 10.00 -ഇലക്ട്രോണിക്സ്, 26ന് രാവിലെ 10.00 -ഇംഗ്ലീഷ്, 27ന് രാവിലെ 10.00 - ഹിന്ദി. ഫോണ്‍: 0495-2223243, 8547005025.
കുക്ക് നിയമനം
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം പരമാവധി 19,170 രൂപ. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവ സഹിതം മെയ് 26ന് രാവിലെ 11ന് വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന് ഓഫീസില്‍ നടക്കുന്ന പ്രായോഗിക പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ട്രെയിനി
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തും. അഭിമുഖം മെയ് 21ന് കോട്ടപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് ജില്ലാ ഓഫീസില്‍. ഉദ്യോഗാര്‍ഥികള്‍ മെയ് 17ന് വൈകീട്ട് അഞ്ചിനകം ehealthkozhikode@gmail.com ലേക്ക് ബയോഡാറ്റ അയക്കണം.
യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ, ബിസിഎ/ബിഎസ്സി/ബിടെക്/എന്ഐസിഎ (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ് (ഐടി). പ്രതിമാസ വേതനം: 10000 രൂപ. കാലാവധി: ആറ് മാസം. പ്രായപരിധി: 18-35 വരെ. വിശദവിവരങ്ങള്‍ https:/ ehealth.kerala.gov.in വെബ്സൈറ്റില്‍. ഫോണ്‍: 9495981755.
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തതുമായ മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 2025 ജൂണ്‍ ഒന്നിന് 60 വയസ്സ് കവിയരുത്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി മെയ് 31 വരെ അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും 2024-25 വര്‍ഷം ഓണ്‍ലൈനായി അപേക്ഷിച്ചവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍. ഫോണ്‍: 0495 2377786.
ലോഗോ ക്ഷണിച്ചു
ലോക ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് മേയ് 24ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ സ്പീഷീസ് പ്രഖ്യാപന പരിപാടിക്ക് ലോഗോ ക്ഷണിച്ചു. കോഴിക്കോട് ജില്ലക്ക് സ്വന്തമായി ഔദ്യോഗിക ജീവി, വൃക്ഷം, ജലജീവി, പക്ഷി, പുഷ്പം, ചിത്രശലഭം, മത്സ്യം, പൈതൃക മരം എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലാണ് പ്രഖ്യാപനം. ഈ വിഷയവുമായി ബന്ധപ്പെട്ട ലോഗോ മെയ് 20ന് വൈകീട്ട് അഞ്ചിനകം bmckkddistrict@gmail.com ഇ-മെയിലില്‍ അയക്കണം. വിജയിക്കുള്ള സമ്മാനം ജില്ലാ സ്പീഷീസ് പ്രഖ്യാപന പരിപാടിയില്‍ കൈമാറും.
വിവരാവകാശ കമീഷന് സിറ്റിങ് ഇന്ന്
സംസ്ഥാന വിവരാവകാശ കമീഷന് സിറ്റിങ് ഇന്ന് (16/05/2025) രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന് പരാതികള്‍ പരിഗണിക്കും.
യുഎഇയില്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്ലേഴ്സ്
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം. പ്രായപരിധി: 20-50. നൈപുണ്യനില, വേഗത, ഫിനിഷിങ് നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാകും ശമ്പളം. താമസസൗകര്യം, വിസ, താമസ സ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്കുള്ള യാത്ര എന്നിവ സൗജന്യമായിരിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി പാസായിരിക്കണം.
താല്പര്യമുള്ളവര് ബയോഡാറ്റ, പാസ്പോര്‍ട്ട് എന്നിവ 2025 മെയ് 20ന് മുമ്പ് recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷകര്‍ ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്ലറിങ് വര്‍ക്കില്‍ ഏര്‍പ്പെട്ട രണ്ട് മിനിറ്റില്‍ കുറയാത്ത വീഡിയോ 9778620460 നമ്പറിലേക്ക് വാട്ട്സ് ആപ് ചെയ്യണം. വിശദവിവരങ്ങള്‍ www.odepc.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2329440/41/42/43/45, 9778620460.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിയമനം
കൂടരഞ്ഞി പഞ്ചായത്തിലെ കോഴിക്കോട് ഫ്രൂട്ട്സ് ആന്‍ഡ് സ്പൈസസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ രണ്ട് വര്‍ഷത്തേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. യോഗ്യത: എംബിഎ/അഗ്രി ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് ബിരുദം/തത്തുല്യം. പ്രായപരിധി: 25-35. ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റയോടൊപ്പം മറമസറഹ്യ@ഴാമശഹ.രീാ കോപ്പി ടു സീ്വവശസീറലളൃൗശെേുെശരലരെീ@ഴാമശഹ.രീാ എന്ന മെയിലിലേക്കോ ഓഫീസില്‍ നേരിട്ടോ മെയ് 17ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 9383471820, 9495294142.
- Log in to post comments