കാട് കാണാനും അറിയാനും വേറിട്ട കാഴ്ചയൊരുക്കി വനം വകുപ്പ് സ്റ്റാൾ
സർപ്പ കിയോസ്ക്, സെൽഫി പോയിന്റ്, വനശ്രീ സ്റ്റോൾ, 27 നക്ഷത്ര വൃക്ഷങ്ങൾ ഉൾപ്പെടുത്തി നക്ഷത്രവന മാതൃക തുടങ്ങി വ്യത്യസ്തതയുടെ പുതിയൊരു ലോകം തീർക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയ വനം വകുപ്പിന്റെ സ്റ്റാൾ.
വനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങൾ, വന പുന:സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ വിവരണവും ഇൻസ്റ്റലേഷനും, മനുഷ്യ- വന്യജീവി ലഘൂകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മിഷനുകളുടെയും ഇൻസ്റ്റലേഷൻ, വനം വകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്ക് സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്ത് നൽകി ഉപയോഗരീതിയുടെ പരിശീലനം തത്സമയം നൽകും. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ, വനം വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ഇന്റർ ആക്ടീവ് കിയോസ്ക് ചാറ്റുപ്പാട്ട്, ഗരുഡൻ നൃത്തം പോലുള്ള അന്യംനിന്നുപോയ കലാരൂപങ്ങളുടെ അവതരണം എന്നിവ സ്റ്റാളിനെ കൂടുതൽ ആകർഷകമാക്കും.
വിവിധ വന ഡിവിഷനുകളിൽ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥർ ശേഖരിച്ച 150 ഓളം വനഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കും. കാടിന്റെ തനിമ വിളിച്ചോതുന്ന വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണശാലയും, ഹരിതകുടകൾ കൊണ്ട് വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ സെൽഫി പോയിന്റും വനം വകുപ്പ് സ്റ്റാളിന്റെ ആകർഷമാണ്.
- Log in to post comments