Skip to main content

മനുഷ്യ വന്യജീവി സംഘർഷം: വകുപ്പുകളുടെ ഏകോപനത്തിന് തീരുമാനം    

മനുഷ്യ വന്യജീവി സംഘർഷം  ലഘൂകരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന്  ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ തീരുമാനം.  രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘർഷം ശക്തമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് വലിയ പ്രാധാന്യത്തോടെയും ഗൗരവത്തേടെയും വിഷയത്തെ കണ്ട് പരിഹാരമാർഗങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിക്കാടുകൾ തെളിക്കുക, കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമി വൃത്തിയാക്കുക, ഫെൻസിങ് സ്ഥാപിക്കുക,നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിന് വളന്റിയർമാർക്ക് പരിശീലനം നൽകുക, ലൈസൻസോടുകൂടിയ തോക്ക് കൈവശമുള്ള വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആന്റി വെനം സൂക്ഷിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. വനപ്രദേശത്തോട് ചേർന്ന് വാറ്റ് തടയുന്നതിന് എക്സൈസ് വകുപ്പിന്റെ പരിശോധന കർശനമാക്കുന്നതിനും തീരുമാനമായി.  വാനപ്രദേശത്തോട് ചേർന്ന് വാഴ,തെങ്ങ് കവുങ്ങ് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കും. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിന് കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനും തേനീച്ച വളർത്തൽ പോലെയുള്ള കൃഷി രീതികൾ പരീക്ഷിക്കുന്നതിനും കൃഷി വകുപ്പിന് നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിൽ വനം വകുപ്പിന് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി എടുക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും കൂടു വച്ച് പിടിക്കുന്നവയെ നീക്കം ചെയ്യുന്നതിനും സാഹചര്യമൊരുക്കുന്നതിന് പോലീസ് ഇടപെടൽ കാര്യക്ഷമമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗം അംഗീകരിച്ചു. 
വനം വകുപ്പ് തയ്യാറാക്കിയ മനുഷ്യ വന്യജീവി  സംഘർഷ ലഘൂകരണ പ്ലാനിന് മന്ത്രിയും ജില്ലാ കളക്ടറും അടങ്ങുന്ന  സമിതി അംഗീകാരം നൽകി. യോഗത്തിൽ ഡി എഫ് ഒ എസ്.വൈശാഖ്  വിഷയാവതരണം നടത്തി. 

2020 മുതൽ 2025 വരെ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയത് പാമ്പ് കടിയേറ്റാണ്. 31 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ആനയുടെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. 90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങിന്റെ ശല്യവും 85 ശതമാനം  പഞ്ചായത്തുകളിലും പാമ്പിന്റെ ശല്യവും പുലിയുടെ സാനിധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. 
അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയക്ടർ വിഷ്ണു എസ് നായർ, സോഷ്യൽ ഫോറസ്ട്രി കണ്ണൂർ ഡെപ്യുട്ടി കൺസർവേറ്റർ ജോസ് മാത്യു , ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, പി.ഡബ്ല്യൂ.ഡി ബിൽഡിങ്സ് എക്സിക്യുട്ടിവ് എഞ്ചിനീയർ ഷാജി തയ്യിൽ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ കണ്ണൂർ റൂറൽ സി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

date