ജില്ലയിൽ ജൂൺ 16 വരെ താളം ക്യാമ്പയിൻ ലോക ഹൈപ്പർ ടെൻഷൻദിനം: പരിശോധന ക്യാമ്പ് നടത്തി
ലോക ഹൈപ്പർ ടെൻഷൻ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനവും ജീവനക്കാർക്കുള്ള പരിശോധന ക്യാമ്പും കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജീവനക്കാർക്കുള്ള രക്ത സമ്മർദ്ദം, പ്രമേഹ പരിശോധന ക്യാമ്പ് എന്നിയും നടത്തി. രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക, നിയന്ത്രിക്കുക, ദീർഘകാലം ജീവിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ജില്ലയിൽ മെയ് 17 മുതൽ ജൂൺ 16 വരെ നീണ്ടു നിൽക്കുന്ന രക്ത സമ്മർദ്ദ നിയന്ത്രണ ബോധ വൽക്കരണ പരിപാടി താളം ക്യാമ്പയിൻ നടപ്പിലാക്കും. 30 വയസ്സ് കഴിഞ്ഞ എല്ലാവരും രക്തസമർദ്ദ പരിശോധനക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രത്തിലും സേവനം സൗജന്യമായി ലഭ്യമാകും. താളം ക്യാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും രക്ത സമ്മർദ്ദ പരിശോധന നടത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതി നിധികൾക്കും ജീവനക്കാർക്കും ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന ക്യാമ്പുകൾ നടത്തും. കുടുംബശ്രീ,ഐ സി ഡി എസ്, പട്ടിക വർഗ കുടുംബങ്ങൾ, അതി ദാരിദ്ര്യ കുടുംബങ്ങൾ, ഒരു വർഷത്തിന് മുകളിൽ ജില്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ, പൊതു ജനങ്ങൾ എന്നിവരുടെ രക്ത സമ്മർദ്ദ പരിശോധനയും നടത്തും.
ജില്ലാ ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.ടി രേഖ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേസ്ഴ്സിറ്റി ഭരണ വിഭാഗം ജോയിന്റ് രജിസ്ട്രാർ ആർ കെ വിജയൻ, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി. സുധീഷ്, ആർദ്ര എസ് എസ്, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾട്ടന്റ ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനുള്ള വഴികൾ
. ആരോഗ്യകരമായ ഭക്ഷണ രീതിയിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കുറഞ്ഞ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
. ഉപ്പിന്റെ അളവ് ദിവസേന 2,300 മി.ഗ്രാമിൽ കുറവായി നിയന്ത്രിക്കുക.
. പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, ഓറഞ്ച്, പച്ച ഇലക്കറികൾ കഴിക്കുക.
. പ്രോസസ്ഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
. ആഴ്ചയിൽ 150 മിനിറ്റെങ്കിലും നടത്തം, നീന്തൽ, സൈക്ലിംഗ് എന്നീ വ്യായാമങ്ങൾ ചെയ്യുക.
. ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങൾ ആഴ്ചയിൽ 2 ദിവസം.
.ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കും.
. മദ്യം പരിമിതപ്പെടുത്തുക
.പുകവലി പൂർണമായും ഉപേക്ഷിക്കുക
.ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിക്കുക.
.ഹോബികൾ, സുഹൃത്തുക്കളുമായുള്ള സമയം എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തും.
. ദിവസേന 7-8 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം
. കൃത്യസമയത്ത് ഉറങ്ങുക , സ്ലീപ് അപ്നിയ ഉണ്ടെങ്കിൽ ചികിത്സിക്കുക.
.രക്തസമ്മർദ്ദം പതിവായി അളക്കുക.
.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക.
- Log in to post comments