മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ
മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ച് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന് സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് 19 മുതല്‍ 31 വരെ രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കും.
വാക്സിനേഷന് കുറഞ്ഞ സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കുന്നു.
അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസില്‍സ് റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസില്‍സ്, റൂബെല്ല വാക്സിനേഷന് ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ച് വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്സിനേഷന് നല്‍കും. പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ വാക്സിനേഷന് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മീസില്‍സ് റൂബെല്ല രോഗങ്ങളുടെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാക്സിന് മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്സിനുകള്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവകൂടി എടുക്കാന്‍ അവസരം നല്‍കും.
മീസില്‍സ് റൂബെല്ല
മണ്ണന്‍ പോലെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്. അതേസമയം മീസില്‍സ് പോലെ തന്നെ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.
മീസില്‍സ് റൂബെല്ല വാക്സിന്
വളരെ പെട്ടെന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ മാരക രോഗങ്ങളാണ് മീസില്‍സ് റൂബെല്ല. എന്നാല്‍ ഒരു വാക്സിന് കൊണ്ട് ഈ അസുഖങ്ങളെ ചെറുക്കാനാകും. കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളില്‍ നല്കുന്ന രണ്ട് ഡോസ് മീസല്‍സ് റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന് രക്ഷിക്കാനും സാധിക്കും. ജില്ലയില്‍ മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് ഭാഗികമായി വാക്സിനേഷന് എടുത്ത 83 കുട്ടികളും, ഇതുവരെ വാക്സിനേഷന് എടുക്കാത്ത 10 കുട്ടികളുമാണ് ഉള്ളത്. തൊടുപുഴ , മുട്ടം, ചിത്തിരപുരം ഏരിയകളില്‍ ആണ് ഇത്തരം കേസുകള്‍ ഉള്ളത്. ജനപ്രതിനിധികള്‍, മതനേതാക്കള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ ഈ പരിപാടി കൂടുതല്‍ സഹായകമാകുമെന്നതിനാല്‍ എല്ലാ രക്ഷകര്‍ത്താക്കളും കുഞ്ഞുങ്ങള്‍ക്ക് എല്ലാ വാക്സിനുകളും നല്കി എന്ന് ഈ ക്യാമ്പയിനിലൂടെ ഉറപ്പ് വരുത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
--
- Log in to post comments