Skip to main content

പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്ത് : കരുമാല്ലൂരിൽ തീര്‍പ്പാക്കിയത് 225 പരാതികള്‍

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പബ്ലിക് സ്‌ക്വയര്‍ അദാലത്തിൽ തീർപ്പാക്കിയത് 225 പരാതികൾ. തട്ടാംപടി സെൻ്റ് ലിറ്റിൽ തെരേസ സ്കൂളിൽ നടന്ന അദാലത്തിൽ 315 പരാതികളായിരുന്നു ലഭിച്ചത്. 

കോട്ടപ്പുറം മാമ്പ്രയിലെ അക്വാസിറ്റി പാർപ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് 30 പരാതികളായിരുന്നു പബ്ലിക് സ്ക്വയറിൽ ലഭിച്ചത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരിൽ പലരും എത്തിയത്. അതേസമയം ഫ്ലാറ്റ് അധികൃതർക്കെതിരെ പരാതിയുമായി ഇവിടുത്തെ താമസിക്കാരും രംഗത്തെത്തിയിരുന്നു. അക്വാസിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ ഒരുമിച്ച് കേട്ട മന്ത്രി ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകി.

പട്ടയ പ്രശ്‌നംങ്ങള്‍, ഭൂമി തരംമാറ്റം, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വേണ്ട അപേക്ഷകൾ, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പരാതികളിൽ അധികവും. ആകെ ലഭിച്ച 315 പരാതികളിൽ 225 എണ്ണം തീർപ്പാക്കിയപ്പോൾ അദാലത്തിൽ ലഭിച്ച 90 പരാതികൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ടിനും തുടർ നടപടികൾക്കും മറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. 

മുഴുവന്‍ സമയവും അദാലത്തില്‍ പങ്കെടുത്ത മന്ത്രി പി.രാജീവ് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കി. മന്ത്രിക്കു പുറമേ  ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും  അദാലത്തിന്റ ഭാഗമായി.

date