Skip to main content

പബ്ലിക് സ്ക്വയർ തുണയായി : ലീലക്കും ഷിനോജിനും "സ്നേഹ" വീടുമായി മന്ത്രി പി. രാജീവ്

ഏത് നിമിഷവും നിലംപൊത്താവുന്ന തരത്തിലുള്ള ഷെഡ്ഡിലെ ജീവിതത്തിന് അറുതിയാവുന്നു. ഭിന്നശേഷിക്കാരനും കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ വിദ്യാർത്ഥിയുമായ ഷിനോജിനും അമ്മ ലീലക്കും വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി പി. രാജീവ്. മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലൂടെയാണ് വീട് നിർമ്മിക്കുക. കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് തല പബ്ലിക് സ്ക്വയർ അദാലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സർക്കാർ നൽകുന്ന വിധവ പെൻഷൻ്റെ സഹായത്തോടെയായായിരുന്നു ചെട്ടിക്കാട് പാറക്കുളം സ്വദേശിയായ 72 വയസുകാരി ലീല ചേറ്റുവിതപ്പറമ്പിലും 42 വയസുകാരനായ മകൻ ഷിനോജും ജീവിച്ചിരുന്നത്. ആകയുള്ള ഒന്നര സെൻ്റ് സ്ഥലത്ത് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എന്ന് യാഥാർത്ഥ്യമാകും എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അതിനിടെയാണ് പഞ്ചായത്ത് അംഗം ശ്രീദേവി സുധി വഴിയായിരുന്നു പബ്ലിക് സ്ക്വയർ പരാതി പരിഹാര അദാലത്തിനെ കുറിച്ച് അറിഞ്ഞത്. 

42-കാരനായ മകൻ ഷിനോജിനെയും കുട്ടി അദാലത്തിലെത്തിയ ലീല മന്ത്രിയോട് തന്റെ ആഗ്രഹവും അവസ്ഥയും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് സ്നേഹ വീട് പദ്ധതി വഴി വീട് നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയത്. ഭിന്നശേഷിക്കാരനായ മകനൊപ്പം നിറകണ്ണുകളുമായി പബ്ലിക് സ്ക്വയറിൽ പങ്കെടുത്ത ലീല പത്യാശയുടെ പുഞ്ചിരിയുമായാണ് മടങ്ങിയത്.

മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 30 വീടുകൾ നൽകാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിൽ അഞ്ച് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിട്ടുണ്ട്. ഒൻപത് വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിഥിയുടെ ഭാഗമായി 50 വീടുകൾ എങ്കിലും നിർമ്മിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

date