Skip to main content

അബ്ദുൽ മജീദിന് ഇനി ഓഫീസുകൾ കയറിയിറങ്ങണ്ട ; കരമടക്കാൻ അനുവദിക്കാൻ ഉത്തരവിട്ട് മന്ത്രി പി. രാജീവ്

വർഷങ്ങളായി കരമടച്ച് വന്നിരുന്ന സ്വന്തം ഭൂമി യാതൊരു കാരണവുമില്ലാതെ കൈവിട്ട് പോകുമോ എന്ന ഭയത്തിലായിരുന്നു കഴിഞ്ഞ മൂന്ന് വർഷങ്ങളായി കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര സ്വദേശി അബ്ദുൽ മജീദ്. പബ്ലിക് സ്ക്വയർ അദാലത്തിൽ പങ്കെടുത്ത മജീദിൻ്റെ പരാതി കേട്ട മന്ത്രി പി. രാജീവ് രണ്ടാഴ്ചക്കകം കരമടക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു. 

പുഴ പുറമ്പോക്ക് ഭൂമി ആണെന്ന വില്ലേജ് അധികൃതരുടെ റിപ്പോർട്ടായിരുന്നു മജീദ് ഉൾപ്പെടെ നിരവധി പേർക്ക് വിനയായത്. പ്രദേശത്തെ വിവിധ സർവ്വേ നമ്പരുകളിലായുള്ള 60 ഏക്കറോളം ഭൂമി സാങ്കേതികത്വത്തെ തുടർന്ന് കരമടക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇതോടെ സ്ഥലം ക്രയവിക്രയം നടത്തുന്ന ഉൾപ്പെടെ അനിശ്ചിതത്വത്തിലാകുന്ന സാഹചര്യത്തിലെത്തി. 

മജീദ് ഉൾപ്പെടെയുള്ള സ്ഥലമുടമകൾ ഇത് സംബന്ധിച്ച് പല ഓഫീസുകളും കയറിയിറങ്ങി അധികൃതരെ കണ്ടെങ്കിലും നടപടി നീണ്ടുപോകുകയായിരുന്നു. ഇതോടെയാണ് പബ്ലിക് സ്ക്വയർ അദാലത്തിലെത്തി മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചത്. കരമടയ്ക്കുന്നതിനൊപ്പം സ്ഥലം ക്രയവിക്രയം നടത്തുന്നതിനുള്ള തണ്ടപ്പേർ പകർപ്പ് (ആർ.ഒ.ആർ) നൽകാനും മന്ത്രി നിർദേശം നൽകി.

വർഷങ്ങളായി അനുഭവിച്ചു വന്നിരുന്ന ആശങ്കക്ക് അറുതി ലഭിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു മജീദ് മടങ്ങിയത്.

date