Skip to main content

ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികത്തിന് പ്രൗഡഗംഭീര സമാപനം

കേരള നവോത്ഥാന ചരിത്രങ്ങളുടെ ഊര്‍ജം പകര്‍ന്ന് ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയില്‍ പ്രൗഡഗംഭീര പരിസമാപ്തി. പ്രാകൃത സാമൂഹിക വ്യവസ്ഥിതികളില്‍ നിന്നും ആധുനിക ജനവിഭാഗമായി വികാസം പ്രാപിച്ച കേരളീയ സമൂഹത്തിന്റെ ഇന്നലെകളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്,ജില്ലാഭരണകൂടം ,സാംസ്‌കാരിക വകുപ്പ്, പുരാവസ്തു-പുരാരേഖാ വകുപ്പ്, തുളു അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരാപാടി സംഘടിപ്പിച്ചത്.  നവോത്ഥാന വഴിയില്‍ കേരളം' എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ കഴിഞ്ഞ നാലുദിവസമായി സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

      വെള്ളിയാഴ്ച കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച വിളംബര ഘോഷയാത്രയോടെയായിരുന്നു വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടത്തിയ വിളംബര ഘോഷയാത്രയെ മുത്തുക്കുടയും ശിങ്കാരി വാദ്യങ്ങളും വര്‍ണാഭമാക്കി.
    ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച പി കരുണാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖകരന്‍ നിര്‍വ്വഹിച്ചു.
    തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സെഷനുകളിലായി നവോത്ഥാന ചരിത്രങ്ങളെ വിശകലനം ചെയ്യുന്ന നിരവധി സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ചരിത്രകാരന്മാരും സാഹിത്യകാരന്മാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തിന്റെ ഇന്നലെകളിലെ സമരപോരാട്ടങ്ങളുടെ ആഴങ്ങളിലേക്കുള്ള വെളിച്ചം വീശുന്നതായി മാറി.
    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ വരെ വളരെ മുന്നിട്ട് നില്‍ക്കുന്ന പുരോഗമന സമൂഹമായി പരിണമിച്ച വിവിധ ചരിത്രങ്ങഘട്ടങ്ങളെ വരച്ചു കാട്ടുന്ന പുരാ രേഖാ പ്രദര്‍ശനം ആഘോഷ നഗരിയില്‍ ചരിത്രകൗതുകമുണര്‍ത്തി. നമ്മുടെ നവോത്ഥാന ചരിത്രത്തിലെ  നിര്‍ണായക ഘട്ടങ്ങളെ വരച്ചുകാട്ടുന്ന പ്രദര്‍ശനത്തിലെ നിരവധി ചരിത്രരേഖകള്‍ ആഘോഷ നഗരിയിലെത്തിയവരില്‍ കൗതുകമുണര്‍ത്തി.
     നവോത്ഥാന പടവുകളിലെ സുപ്രധാനമായതും മറവിയിലേക്ക് വഴുതിമാറിയതുമായ നിരവധി ചരിത്രസന്ദര്‍ഭങ്ങളെ ലളിതമായി വിശദീകരിക്കുന്ന ' തമസോ മാ ജ്യോതിര്‍ഗമയ: ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്ന പുസ്തകം സമ്മേളന വേദിയില്‍ പ്രകാശനം ചെയ്തു. 
    സമാപന ദിവസം ഉച്ചയ്ക്ക് നടത്തിയ പന്തിഭോജനം ജാതി-മത ചിന്തകളുടെ മതില്‍ക്കെട്ടുകളില്ലാതെ എല്ലാവരും തുല്യമാനവ സമൂഹമെന്ന സന്ദേശമുയര്‍ത്തി. സാമൂഹിക ദുരാചാരങ്ങളിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് ഉദ്‌ഘോഷിച്ച് ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷം സമാപന സമ്മേളനത്തോടെ ജില്ലയില്‍ സമാപിച്ചു.

 

date