Skip to main content

ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണു പുതിയ പാഠ്യ പദ്ധതി - മന്ത്രി പി രാജീവ്

വര്‍ണാഭമായ ചടങ്ങില്‍ ജില്ലാതല പ്രവേശനോത്സവം 

 

പാഠപുസ്തകങ്ങള്‍ക്കപ്പുറം ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് പുതിയ പാഠ്യപദ്ധതിയെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ജീവിതത്തില്‍ ആവശ്യമായ നല്ല ശീലങ്ങള്‍, വിവേചന ബോധം എന്നിവ കുട്ടികളില്‍ രൂപീകരിക്കാന്‍ പുതിയ പാഠ്യപദ്ധതിയിലൂടെ സാധിക്കും. ശുചിത്വബോധം, ലഹരിയുട ദൂഷ്യവശങ്ങള്‍,

ഉത്തരവാദിത്വ ബോധത്തോടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം തുടങ്ങിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണു പുതിയ പാഠ്യപദ്ധതി.

 

നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന വിദ്യാലയം എന്ന നിലയില്‍ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്‌കൂളിനു ശതാബ്ദി മന്ദിരം നിര്‍മിക്കുന്നതിനായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി ബി പി സി എല്ലിന്റെ സഹകരണത്തോടെ എല്‍ പി വിഭാഗം കുട്ടികള്‍ക്കുള്ള പോഷക സമൃദ്ധ പ്രഭാത ഭക്ഷണം പദ്ധതി ഈ അധ്യയനവര്‍ഷവും തുടരും. 

 

സ്‌കൂളുകളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് 2.9 കോടി രൂപ ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ആര്‍ ഒ പ്ലാന്റുകള്‍ നിര്‍മ്മിക്കും. ശുചിത്വത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ ശുചിത്വ ശീലം ഉറപ്പാക്കാന്‍ ചിത്രകഥാ പുസ്തകങ്ങള്‍ വിതരണം ചെയ്യും. ലൈബ്രറിക്കൊപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ലൈബ്രറികള്‍ എല്ലാം ആധുനികവല്‍ക്കരിക്കുകയാണ്. കടുങ്ങല്ലൂരുകാരനും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സാഹിത്യ പ്രതിഭ സേതുവിന്റെ പേരില്‍ വായനയ്ക്കും ചര്‍ച്ചകള്‍ക്കും പഠനത്തിനുമായി ഒരു കോര്‍ണര്‍ ആരംഭിച്ചിട്ടുണ്ട്. 

 

ഭാവി തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ബീഹാറില്‍ നിന്ന് കേരളത്തിലെത്തി ബിനാനിപുരം ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി ജീവിതമാര്‍ഗം കണ്ടെത്തിയ ദര്‍ഷ പര്‍വിണ്‍ ഒരു വലിയ മാതൃകയാണ്. ദര്‍ഷ പര്‍വീണിന്റെ ജീവിതകഥ പൊതു പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സേതു അക്ഷരദീപം തെളിയിച്ചു. ശുചിത്വത്തിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള കൈ പുസ്തകവും കുട്ടികളില്‍ ശുചിത്വ ശീലം ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നെയിം സ്ലിപ്പും മന്ത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും, എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു.  

കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി രവീന്ദ്രന്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രാജലക്ഷ്മി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബൂബക്കര്‍, കെ എസ് താരാനാഥ്, പി കെ സലിം, ഓമന ശിവ ശങ്കരന്‍, വാര്‍ഡ് മെമ്പര്‍ കെ ആര്‍ രാമചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ , എറണാകുളം എസ് എസ് കെ ഡിപിസി ഇന്‍ ചാര്‍ജ് എം ജോസഫ് വര്‍ഗീസ്, ഒ എസ് എ പ്രസിഡന്റ് പി അബ്ദുള്‍ ഖാദര്‍, എച്ച്എസ്എസ് എറണാകുളം കോ ഓഡിനേറ്റര്‍ എ ശങ്കരനാരായണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ജി എസ് ദീപ, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍, കൈറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ അജി ജോണ്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ദീപ ദേവി, ആലുവ അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ സനുജ ഷംസു , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ കെ ജയന്തി, ജനപ്രതിനിധികള്‍,അധ്യാപക സംഘടന പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

date