പ്രമേഹ ദിന സന്ദേശ റാലി സംഘടിപ്പിച്ചു
കൊച്ചി: നവംബർ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രമേഹ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന്റെ അടിസ്ഥാനം ആരോഗ്യമുള്ള തലമുറയാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ മുതൽ ഏഴിക്കര സി.എച്ച്.സി വരെ നടത്തിയ സൈക്കിൾ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾക്ക് ശിശുദിന സന്ദേശവും ആശംസകളും നൽകി.
ഏഴിക്കര സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വിനോദ് പൗലോസ് പ്രമേഹ രോഗത്തെ സംബന്ധിച്ച് ബോധവത്കരണ ക്ലാസെടുത്തു. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവരും രക്ത പരിശോധന നടത്തി പ്രമേഹവും രക്തസമ്മർദ്ദവും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ശരീരത്തിൽ പ്രമേഹത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് പ്രതിരോധ ശക്തിയും ഊർജവും കുറയും. കുട്ടികളിൽ അമിതമായ ക്ഷീണം, ഉത്സാഹക്കുറവ്, ദാഹം കൂടുതൽ എന്നിവയും കാണപ്പെടുന്നു. പഠനത്തിലും മൊബൈൽ ഫോണിലും വീഡിയോ ഗെയിമിലും മാത്രം ഒതുങ്ങാതെ കുട്ടികൾ ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും പുറത്തിറങ്ങി കളിക്കണം. നന്നായി വിയർക്കണം. ചിട്ടയായ ആഹാര രീതിയാണ് വേണ്ടത്. കുട്ടികൾ നന്നായി ഉറങ്ങുകയും വേണം. ഇന്ന് സ്കൂൾ കുട്ടികളിൽ അമിതവണ്ണം കണ്ടു വരുന്നു. വ്യായാമം ചെയ്തും ജീവിത ശൈലി മെച്ചപ്പെടുത്തിയും പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും മുൻകരുതലുകളും അടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്.
പ്രമേഹ ദിന സന്ദേശ റാലിയോടൊപ്പം ശിശുദിനാഘോഷവും സ്കൂളിൽ നടന്നു. ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ പ്രസാദ് കെ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക പി.എ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാധാകൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി എം.എ, ഏഴിക്കര സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ഇ.വി അബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments